ജിദ്ദ: ജിദ്ദയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തിൽ വിമാനങ്ങൾ വൈകിയാണ് ലാൻഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ജിദ്ദ നഗരത്തിനുരേ ഹുതികൾ ആക്രമണം നടത്തിയത്. ഹുതികൾ തൊടുത്തുവിട്ട മിസൈൽ വിമാനങ്ങളുടെ പാതയിൽ ഭീതിവിതച്ചു. ജിദ്ദയ്ക്ക് പുറത്ത് ആകാശത്ത് ഏറെ നേരം ചുറ്റിയ ശേഷമാണ് വിമാനങ്ങൾ ഇറങ്ങിയത്.
ഞായറാഴ്ച രാത്രിയാണ് ജിദ്ദക്കുനേരെ ഹുതികൾ മിസൈൽ ആക്രമണം നടത്തിയത്. മിസൈലുകൾ ലക്ഷ്യത്തിലെത്തുംമുൻപ് സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ഞായറാഴ്ച പുലർച്ചെയാണ് സൗദിയിലെ എണ്ണ, പ്രകൃതി വാതക ഉൽപ്പാദന കേന്ദ്രങ്ങളടക്കം ഒൻപത് തന്ത്ര പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹുതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. സൗദി സൈന്യം ആക്രമണങ്ങൾ പ്രതിരോധിച്ചു. ഇതിന് പിന്നാലെയാണ് രാത്രി ജിദ്ദ വിമാനതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്.
തകർന്ന ഡ്രോൺ, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാട് പറ്റിയിരുന്നു. ആക്രമണത്തിൽ തുറമുഖ നഗരമായ ജിദ്ദയിലെ പെട്രോളിയം വിതരണ ടാങ്കിന് തീപിടിക്കുകയും യാൻബുവിലെ ഗ്യാസ് പ്ലാന്റിലെ ഉൽപ്പാദനത്തെ ബാധിക്കുകയും ചെയ്തതായി ഊർജ്ജ മന്ത്രലയം അറിയിച്ചു.