ന്യൂഡൽഹി
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്(സിഇഎൽ) 210 കോടി രൂപയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ചത് 1900 കോടി രൂപയുടെ ബിസിനസ് ഓർഡർ നിലനിൽക്കുമ്പോഴാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ സമ്മതിച്ചു. 2019–-20ൽ 283 കോടി, 2020–-21ൽ 408 കോടി, 2021–-22ൽ 944 കോടി എന്നിങ്ങനെയാണ് ഓർഡർ ലഭിച്ചിരുന്നത്.
200 കോടി രൂപയുടെ മറ്റൊരു ഇടപാടിന് നടപടികൾ പുരോഗമിക്കുകയുമാണ്. കമ്പനിയുടെ ആസ്തികളും ബാധ്യതകളും പരിഗണിച്ചാണ് ലേലത്തിൽ വയ്ക്കാനുള്ള അടിസ്ഥാന വിലയിട്ടതെന്ന് ധനസഹമന്ത്രി ഭഗവത് കിഷൻറാവു രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് മറുപടി നൽകി. സിഇഎൽ വാങ്ങാൻ ലേലത്തിൽ പങ്കെടുത്ത രണ്ട് കമ്പനിയും പരസ്പരബന്ധമുള്ളതാണെന്ന ആരോപണം കോടതിയുടെ പരിശോധനയിലാണ്. ലേലത്തിൽ വിജയിച്ച നന്ദാൽ ഫിനാൻസ് ആൻഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡിനു താൽപ്പര്യപത്രം നൽകിയിട്ടില്ല.
കമ്പനിവിൽപ്പന രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെന്നും ഇതിന്റെ ആസ്തിമൂല്യം കുറച്ചുകാണിച്ചുവെന്നും സിഇഎൽ എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ രീതിയിലാണ് സിഇഎല്ലിന്റെ ആസ്തിമൂല്യം നിർണയിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു. 730 കോടി രൂപയാണ് സിഇഎല്ലിന്റെ സഞ്ചിതലാഭം.