ന്യൂഡൽഹി
വർധിപ്പിച്ച ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെ അങ്കണവാടി ജീവനക്കാർ പാർലമെന്റ് മാർച്ച് നടത്തി. ആയിരക്കണക്കിന് അങ്കണവാടി ജീവനക്കാർ മാർച്ചിന്റെ ഭാഗമായി. അഖിലേന്ത്യ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷൻ സിഐടിയു, അഖിലേന്ത്യ അങ്കണവാടി ആശാ ആൻഡ് എംഡിഎം വർക്കേഴ്സ് ട്രേഡ് യൂണിയൻ, ഉച്ചഭക്ഷണ പദ്ധതി തൊഴിലാളി ഫെഡറേഷൻ, അഖിലേന്ത്യ ആശാ വർക്കേഴ്സ് കോ–- ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സംയുക്തമായി മാർച്ച് നടത്തിയത്. ജന്തർ മന്ദിറിൽ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഹേമലത ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു, പ്രസിഡന്റ് ഉഷാറാണി തുടങ്ങിയവർ സംസാരിച്ചു.
ഇരുപത്തെട്ടിനും -29നും നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സംഘടനകൾ ആഹ്വാനം ചെയ്തു. സിപിഐ എം എംപി എളമരം കരീം സമരത്തെ അഭിവാദ്യം ചെയ്തു. സമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം നേതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു.
സഭയില്‍ ഉന്നയിച്ചു
രാജ്യസഭയിൽ ഇടത് പ്രതിനിധികളായ എളമരം കരീമും വി ശിവദാസനും അങ്കണവാടി സമരം ഉന്നയിച്ചു. ന്യായമായ സമരം എത്രയുംവേഗം ഒത്തുതീർക്കണമെന്നും ഐസിഡിഎസ്, ആശാ, മിഡ് ഡേ മീൽ സ്കീമുകളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് കൃത്യമായ ശമ്പളവും പെൻഷനടക്കമുള്ള പരിരക്ഷയും ഉറപ്പുവരുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.