ന്യൂഡൽഹി
പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത്ത് ചന്നിയെ നേതൃത്വം തീരുമാനിച്ചതാണ് തോൽവിക്ക് കാരണമെന്ന് മുതിർന്ന നേതാവും പിസിസി മുൻ അധ്യക്ഷനുമായ സുനിൽ ഝക്കർ. ചന്നിയും സിദ്ദുവുമാണ് തോൽവിക്ക് കാരണക്കാർ. ഇവരെ നേതൃത്വത്തിലേക്ക് ഉയർത്തിയത് പഞ്ചാബിന്റെ ചുമതലക്കാരനായിരുന്ന ഹരീഷ് റാവത്തും രാജ്യസഭാംഗമായ അംബികാ സോണിയുമാണ്–- ഝക്കർ തുറന്നടിച്ചു.
പ്രവർത്തകസമിതി യോഗത്തിൽ ചന്നിയെ അംബികാ സോണി പുകഴ്ത്തിയിരുന്നു. ട്വിറ്ററിലൂടെ ഇതിന് മറുപടി നൽകിയ ഝക്കർ അംബികാ സോണിക്ക് ചന്നി സ്വത്തായിരിക്കുമെന്നും എന്നാൽ കോൺഗ്രസിന് ബാധ്യതയാണെന്നും തുറന്നടിച്ചു. ചന്നിയുടെ അനന്തരവന്റെ വസതിയിൽനിന്ന് കോടികളുടെ കള്ളപ്പണമാണ് ഇഡി പിടിച്ചെടുത്തത്. ഇത് കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിച്ചു. പഞ്ചാബിൽക്കൂടി കോൺഗ്രസിനെ ഇല്ലാതാക്കിയതിന് ഉത്തരവാദി ചുമതലക്കാരനായിരുന്ന ഹരീഷ് റാവത്താണ്. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ റാവത്ത് തോറ്റത് കാവ്യനീതിയാണ്–- ഝക്കർ പറഞ്ഞു. അതേസമയം, പഞ്ചാബിലെ തോൽവിക്ക് ഉത്തരവാദികൾ നേതാക്കളാണെന്ന് സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപി രവ്നീത് സിങ് ബിട്ടു കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിലും അടി
നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റതോടെ ഉത്തരാഖണ്ഡ് കോൺഗ്രസിലും ചേരിപ്പോര് രൂക്ഷമായി. അവസാന നിമിഷം സീറ്റ് മാറി മൽസരിച്ച ഹരീഷ് റാവത്തിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പ്രീതം സിങ് രംഗത്തെത്തി. മണ്ഡലത്തിൽ മറ്റൊരു പാർടി അംഗം അഞ്ചുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലം കൊയ്യാൻ മറ്റൊരാൾക്ക് അവകാശമില്ലെന്ന് റാവത്തിനെ കുറ്റപ്പെടുത്തി പ്രീതം സിങ് പറഞ്ഞു.രാംനഗറിൽ മൽസരിക്കാൻ തീരുമാനിച്ച റാവത്ത് തോൽവി ഭയന്ന് അവസാന നിമിഷം ലാൽകുവയിലേക്ക് മാറിയെങ്കിലും പതിനേഴായിരത്തിലേറെ വോട്ടിന് തോറ്റു.
സ്വന്തം താൽപ്പര്യത്തിനല്ല സീറ്റ് മാറിയതെന്ന് റാവത്ത് ഫേസ്ബുക്കില് കുറിച്ചു. ലാൽകുവയിൽ എത്തിയപ്പോൾ തന്നെ സ്ഥിതി അനുകൂലമല്ലെന്ന് അറിയാമായിരുന്നു. മൽസരിച്ചില്ലെങ്കിൽ പാർടി കൂടുതൽ ദുർബലപ്പെടുമെന്നാണ് നേതൃത്വം പറഞ്ഞത്. താൽപ്പര്യമില്ലാതെ പത്രിക നൽകി. ഇത്തരം കാരൃങ്ങൾ പാർടി വേദികളിലാണ് പറയേണ്ടത്–- റാവത്ത് പറഞ്ഞു. അതേ സമയം റാവത്ത് പണം വാങ്ങി സീറ്റ് വിറ്റെന്ന ആക്ഷേപവുമായി അനുയായിയായ രഞ്ജിത്ത് റാവത്ത് രംഗത്തെത്തി.
തോൽവിക്ക് ഉത്തരവാദി
സോണിയ കുടുംബം: അമരീന്ദർ
പഞ്ചാബിലെ കോൺഗ്രസ് തോൽവിക്ക് പൂർണ ഉത്തരവാദികൾ സോണിയ കുടുംബമാണെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. അവരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായി. തലയ്ക്ക് സ്ഥിരതയില്ലാത്ത സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കാനും അഴിമതിക്കാരനായ ചന്നിയെ മുഖ്യമന്ത്രിയാക്കാനും നേതൃത്വം തീരുമാനിച്ച ദിവസം പഞ്ചാബിൽ കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടി. ചില മുഖസ്തുതിക്കാർക്കായി തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതുവരെ പഞ്ചാബിൽ കോൺഗ്രസിന്റെ നില ഭദ്രമായിരുന്നു. തോൽവിക്ക് തന്നെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം മണ്ടത്തരങ്ങൾ തുറന്ന മനസ്സോടെ അംഗീകരിക്കുകയാണ് നേതൃത്വം ചെയ്യേണ്ടത്–- അമരീന്ദർ പറഞ്ഞു.