ന്യൂഡൽഹി
2014 മുതൽ രാജ്യത്തെ പൊതുമേഖലാബാങ്ക് ശാഖകളുടെ വിപുലീകരണം കുറഞ്ഞതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ. ഡോ. വി ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രാലയം നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. 2013–-2014 വർഷത്തിൽ 1206 നഗരശാഖയും 2969 ഗ്രാമീണശാഖയും പുതുതായി തുറന്നു. എന്നാൽ, മോദി അധികാരമേറ്റതോടെ എണ്ണം കുറഞ്ഞു.
2014–-2015ൽ 1025 നഗരശാഖയും 1916 ഗ്രാമീണശാഖയും മാത്രമാണ് തുറന്നത്. 2018 മുതൽ ശാഖകൾ തുറക്കുന്നതിന് പകരം നിലവിലുള്ളവ അടച്ചുപൂട്ടാൻ തുടങ്ങി. 2018ൽ 346 നഗരശാഖയും 2019ൽ 135ഉം അടച്ചുപൂട്ടി. 2020ൽ 368 നഗരശാഖയും 105 ഗ്രാമീണശാഖയും അടച്ചു. 2020ൽമാത്രം 463 ശാഖയാണ് പൂട്ടിയത്. 2021 മാർച്ച് 31 മുതൽ ഡിസംബർ 31 വരെ 515 ശാഖ ഇല്ലാതായി. ബാങ്കുകൾക്ക് മുകളിൽ അശാസ്ത്രീയ ലയനങ്ങൾ അടിച്ചേൽപ്പിക്കുകയും ശാഖകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് അപകടകരമായ പ്രവണതയാണെന്ന് ഡോ. വി ശിവദാസൻ എംപി ചൂണ്ടിക്കാണിച്ചു. പൊതുമേഖലാബാങ്കുകളുടെ അറ്റാദായത്തിലും കാര്യമായ ഇടിവുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്. കൊട്ടിഘോഷിക്കപ്പെട്ട മോഡിനോമിക്സ് പൊതുമേഖലാബാങ്കുകളെ തകർത്തതിന്റെ സാക്ഷ്യപ്പെടുത്തലാണ് ധനമന്ത്രാലയം കണക്കുകളെന്ന് എംപി പ്രസ്താവനയിൽ പറഞ്ഞു.