ബ്രസൽസ്
ഉക്രയ്ൻ ആക്രമണത്തിന്റെ പേരിൽ റഷ്യക്കുമേൽ നാലാംഘട്ട ഉപരോധം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. സ്റ്റീൽ, ആഡംബര വസ്തുക്കളുടെ കയറ്റിറക്കുമതിക്കും റഷ്യയുടെ ഊർജമേഖലയിൽ നിക്ഷേപം നടത്തുന്നതിനുമാണ് വിലക്ക്. റഷ്യയെ പിന്തുണയ്ക്കുന്ന ബിസിനസ് പ്രമുഖരുടെ സ്വത്തുവകകളും മരവിപ്പിച്ചു.
റഷ്യയുടെ ‘അഭിമത രാഷ്ട്ര’ പദവി എടുത്തുകളയാനും അംഗത്വത്തിനായി ബെലാറസ് സമർപ്പിച്ച അപേക്ഷ പരിശോധിക്കുന്നത് നിർത്തിവയ്ക്കാനും ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെടാനും തീരുമാനിച്ചു.ബ്രിട്ടനും കൂടുതൽ ഉപരോധം പ്രഖ്യാപിച്ചു. ആഡംബര വസ്തുക്കൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് പൂർണമായും വിലക്കി. വോഡ്ക ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക തീരുവയും ഈടാക്കും.