ന്യൂഡൽഹി
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) അഴിമതിപോലെയുള്ള വലിയ അഴിമതികൾ നടക്കുന്ന ഇന്ത്യയിൽ ആരാണ് നിക്ഷേപം നടത്തുകയെന്ന് സിബിഐ പ്രത്യേക കോടതി. എൻഎസ്ഇ മുൻ സിഇഒ ചിത്ര രാമകൃഷ്ണയും മുൻ ജിഒഒ ആനന്ദ് സുബ്രഹ്മണ്യനും ചേർന്ന് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി സഞ്ജീവ് അഗർവാളിന്റെ നിരീക്ഷണം. എൻഎസ്ഇ തട്ടിപ്പിനെക്കുറിച്ച് നാലുവർഷംമുമ്പ് ശക്തമായ സൂചന ലഭിച്ചിട്ടും അടിയന്തര ഇടപെടൽ നടത്താത്ത സിബിഐയെ കോടതി വിമർശിച്ചു.
ചിത്ര രാമകൃഷ്ണ ഹിമാലയത്തിലെ യോഗിക്ക് ഓഹരിവിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർത്തിയിരുന്നതായി സെബി കണ്ടെത്തിയിരുന്നു. തുടർന്ന്, സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ചിത്ര രാമകൃഷ്ണയെയും ആനന്ദ് സുബ്രഹ്മണ്യനെയും പിന്നീട് അറസ്റ്റ് ചെയ്തു.