കൊച്ചി
ഒന്നരവയസ്സുകാരിയെ കലൂർ ഹോട്ടലിലെ ബക്കറ്റിൽ വെള്ളത്തിൽ മുക്കിക്കൊന്ന കേസ് തെളിയിച്ചത് എറണാകുളം നോർത്ത് പൊലീസിന്റെ അതിവേഗത്തിലുള്ള അന്വേഷണം. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം വിവരമാണ് വഴിത്തിരിവായത്. സംഭവത്തിൽ ആദ്യമേ ദുരൂഹത തോന്നിയ പൊലീസ്, പ്രതിയെ ചോദ്യം ചെയ്തും ശാസ്ത്രീയപരിശോധന നടത്തിയുമാണ് കേസ് തെളിയിച്ചത്. മരിച്ച കുട്ടിയുടെ അച്ഛന്റെ അമ്മ സിപ്സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത് 24 മണിക്കൂറിനുള്ളിലാണ്.
കുപ്പിയിൽ പാൽ കുടിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് സിപ്സിയും ജോണും ആവർത്തിച്ചത്. എന്നാൽ, പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിപ്സിയും ജോണും കലൂരിലെ ഹോട്ടലിൽ ശനിയാഴ്ചയാണ് മുറിയെടുത്തത്. ഒപ്പം നോറ മരിയയും അഞ്ചരവയസ്സുള്ള സഹോദരനും ഉണ്ടായിരുന്നു. ഹോട്ടലിൽ മുറിയെടുത്തശേഷം സിപ്സിയും ജോണും തമ്മിൽ തർക്കമുണ്ടായി. തിങ്കളാഴ്ച സിപ്സി കാമുകനെതിരെ പൊലീസിൽ പരാതി നൽകി. രാത്രി എട്ടരയോടെ ഹോട്ടലിലേക്ക് മടങ്ങി. തുടർന്ന് രാത്രി പത്തരയോടെ സിപ്സി വീണ്ടും പുറത്തേക്കുപോയി. ഈ സമയത്താണ് കുഞ്ഞിനെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്.
പാൽ കുടിക്കുന്നതിനിടെ നെറുകയിൽകയറി കുഞ്ഞ് അബോധാവസ്ഥയിലായെന്ന് ജോൺ അറിയിച്ചതിനെ തുടർന്നാണ് സിപ്സി തിരിച്ചെത്തിയത്. റിസപ്ഷനിലെ ജീവനക്കാരോട് കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും പറഞ്ഞ ഇവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൊണ്ടയിൽ പാൽ കുടുങ്ങിയതാണെന്നാണ് ഇരുവരും ഹോട്ടൽ ജീവനക്കാരോടും ആശുപത്രിയിലും പറഞ്ഞത്. ആശുപത്രിയിൽ എത്തുംമുമ്പുതന്നെ കുഞ്ഞ് മരിച്ചു.
പുലർച്ചെ ഒന്നരയോടെ സിപ്സി കുഞ്ഞിനെയെടുത്ത് ജോണിനും മൂത്തകുട്ടിക്കുമൊപ്പം പുറത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ജോൺ തന്റെ സുഹൃത്തിനോട് കുട്ടിയെ കൊന്ന വിവരം പറഞ്ഞിരുന്നു. കേസിൽ നിന്ന് എങ്ങിനെ ഊരിപ്പോകാമെന്നും തിരക്കി. സുഹൃത്ത് ഇക്കാര്യം പള്ളുരുത്തി പൊലീസിനെ അറിയിച്ചതും കേസിൽ നിർണ്ണായകമായി.
സംരക്ഷണം തർക്കത്തിലായി; ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം
കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറ മരിയയുടെയും അഞ്ചരവയസ്സുള്ള സഹോദരന്റെയും സംരക്ഷണത്തെ ചൊല്ലിയുള്ള കേസ് ശിശുക്ഷേമസമിതിയുടെ (സിഡബ്ല്യുസി) പരിഗണനയിലാണ്. കുട്ടിയുടെ അമ്മ അങ്കമാലി സ്വദേശി ഡിക്സി മൂന്നുമാസംമുമ്പാണ് ദുബായിൽ പോയത്. ഇതിനിടെ ചൈൽഡ് ലൈൻവഴി സിഡബ്ല്യുസിക്ക് പരാതി ലഭിച്ചതോടെയാണ് സംരക്ഷണത്തെക്കുറിച്ച് തർക്കമുയരുന്നത്.
ഡിക്സിയുടെ വീട്ടിൽവച്ച് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റെന്നും സംരക്ഷണാവകാശം നൽകണമെന്നും കുട്ടിയുടെ അച്ഛന്റെ വീട്ടുകാർ അവകാശവാദം ഉന്നയിച്ചു. ഇതോടെ സംരക്ഷണം കുഞ്ഞുങ്ങളുടെ അച്ഛന് ലഭിച്ചു. തർക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ല്യുസിതന്നെ സംരക്ഷിക്കാമെന്ന ആലോചനയിലെത്തി. ഡിക്സിയുമായി സംസാരിച്ചപ്പോൾ അവർ ഉടൻ നാട്ടിലെത്തുമെന്നും സംരക്ഷണത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാമെന്നും അറിയിച്ചു. ഇതിനിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്.
പള്ളി സെമിത്തേരിയിൽ
അന്ത്യനിദ്ര
കലൂരിലെ ഹോട്ടലിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറ മരിയയുടെ മൃതദേഹം ബുധൻ വൈകിട്ട് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മരണവിവരം അറിഞ്ഞ് അമ്മ ഡിക്സി വിദേശത്തുനിന്ന് നാട്ടിലെത്തി. മൂത്തകുട്ടിയെ ഇവരുടെ ഒപ്പം വിട്ടു. ഡിക്സിയും ഭർത്താവ് സജീവും കുറച്ചുനാളായി പിണങ്ങിക്കഴിയുകയാണ്. മൂന്നുമാസംമുമ്പ് ഡിക്സി ദുബായിലേക്ക് പോയപ്പോഴാണ് കുട്ടികളെ സജീവിന്റെ അമ്മ സിപ്സിയെ ഏൽപ്പിച്ചത്.
‘സിപ്സി മക്കളെ കുറ്റങ്ങൾക്ക് മറയാക്കി’
ഭർത്താവിന്റെ അമ്മ സിപ്സി മക്കളെ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് മറയാക്കിയിരുന്നതായി കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി നോറ മരിയയുടെ അമ്മ ഡിക്സി മാധ്യമങ്ങളോട് പറഞ്ഞു. മക്കളെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മൂന്നുമാസംമുമ്പാണ് താൻ ഗൾഫിൽ പോയത്. അതിനുശേഷമാണ് മക്കളെ കഞ്ചാവ് വിൽപ്പന, മോഷണം ഉൾപ്പെടെയുള്ള നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് മറയാക്കിയതെന്നും ഡിക്സി പറഞ്ഞു.
ഇതിനിടെ ഡിക്സിയുടെ ഭർത്താവ് സജീവ്, ബുധൻ രാത്രി 8.30ന് കറുകുറ്റി കേബിൾ നഗർ കോളനിയിലെ ഡിക്സിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഇയാളെ അങ്കമാലി പൊലീസ് എത്തി കൊണ്ടുപോയി. സജീവിന്റെയും അമ്മ സിപ്സിയുടെയും പേരിൽ കഞ്ചാവ്, അടിപിടി ഉൾപ്പെടെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.