ലഖ്നൗ
ഉത്തർപ്രദേശിൽ വ്യാഴാഴ്ച വോട്ടെണ്ണാനിരിക്കെ വാരാണസിയിലെ വോട്ടെണ്ണൽകേന്ദ്രങ്ങളിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയതായി ആരോപണം. വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോകുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതേസമയം, പരിശീലന ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങളാണ് പുറത്തേക്ക് കൊണ്ടുപോയതെന്നാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്.
തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച യന്ത്രങ്ങളെല്ലാം സ്ട്രോങ് റൂമിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നും വാർത്ത അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. മാണ്ഡിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് യുപിയിലെ കോളേജുകളിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനാണ് ഈ യന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്ന് ജില്ലാ കലക്ടർ കൗശൽരാജ് അറിയിച്ചു. സംഭവത്തിൽ വിശദഅന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.