ന്യൂഡൽഹി
വോട്ട് എണ്ണുന്നതിനുമുമ്പ് വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ (വിവി പാറ്റ്) എണ്ണിത്തിട്ടപ്പെടുത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. വ്യാഴാഴ്ച അഞ്ച് സംസ്ഥാനത്ത് വോട്ടെണ്ണൽ നടക്കാനിരിക്കെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന വിവരാവകാശ പ്രവർത്തകൻ രാകേഷ്കുമാറിന്റെ ആവശ്യമാണ് തള്ളിയത്. അവസാനനിമിഷം കോടതിയെ സമീപിച്ചിട്ട് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ അർഥമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.
എൻ ചന്ദ്രബാബു നായിഡുവിന്റെ ഹർജിയിൽ 2019ൽ വിവി പാറ്റ് എണ്ണലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശം ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ മനീന്ദർ സിങ് വാദിച്ചു.