കുടിയേറ്റ തൊഴിലാളികൾ പ്രതിദിനം 40 ഡോളറിന് വരെ ജോലി ചെയ്യുന്ന സാഹചര്യങ്ങൾ ഉള്ളതായി സെനറ്റ് സമിതിയിൽ വെളിപ്പെടുത്തൽ. പ്രതിസന്ധി പരിഹരിക്കുന്നതിന് മൈഗ്രന്റ് വർക്കേഴ്സ് ടാസ്ക് ഫോഴ്സ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
വിദേശത്ത് നിന്നുള്ള സ്‌കിൽഡ് തൊഴിലാളികൾ മൂന്ന് നേരം പച്ച ചോറുണ്ണാൻ മാത്രം തികയുന്ന ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ ഉള്ളതായി സെനറ്റ് സമിതിയിൽ യൂണിയൻ വെളിപ്പെടുത്തി.
കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള പുതിയ നിയമ നിർമ്മാണം സംബന്ധിച്ച് സെനറ്റ് കമ്മിറ്റി നടത്തുന്ന അന്വേഷണത്തിലാണ് ഇക്കാര്യം ഇലക്ട്രിക്കൽ ട്രേഡ് യൂണിയൻ അറിയിച്ചത്.
2018 ൽ ക്വീൻസ്ലാന്റിലെ ടൂവൂമ്പയിൽ സോളാർ ഫാം പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഫിലിപ്പീൻസിൽ നിന്നുള്ള രണ്ട് പേരും തായ്‌ലൻഡിൽ നിന്നുള്ള രണ്ട് പേരുമാണ് ഇതിന് ഇരയായതെന്ന് യൂണിയൻ അറിയിച്ചു.
സബ്ക്ലാസ്സ് 400 വിസയിൽ ഓസ്‌ട്രേലിയയിലെത്തിയ ഇവർക്ക് പ്രതിദിനം 40 ഡോളറും, ഭക്ഷണത്തിനും താമസത്തിനുമുള്ള അലവൻസായി 42 ഡോളറും നൽകിയിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യമായ ഇലെക്ട്രിക്കൽ ജോലികൾക്കായി കൊണ്ടുവന്ന ഇവരുടെ യോഗ്യത പരിശോധിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ജോലിക്ക് ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നില്ല എന്നും വ്യക്തമാക്കുന്നു.
അതേസമയം, നിയമലംഘനം നടത്തിയിട്ടില്ല എന്ന് തൊഴിലുടമ അഭിഭാഷകർ മുഖാന്തരം അറിയിച്ചു. കൂടുതൽ പണം നല്കാൻ ബാധ്യസ്ഥരല്ലെങ്കിലും കൂടുതൽ ശമ്പളം നൽകി പ്രശ്നം പരിഹരിച്ചതായി തൊഴിലുടമ ചൂണ്ടിക്കാട്ടി. മുൻപ് ചെയ്ത ജോലിക്കുള്ള പണവും നൽകിയതായി വ്യക്തമാക്കി.
എന്നാൽ തൊഴിലാളികൾ ചൂഷണത്തിന് ഇരയാകുന്ന ഇത്തരം സാഹചര്യങ്ങൾ മുൻപും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് യൂണിയനിന്റെ പരാതി.
മോറിസൺ സർക്കാറിന്റെ നയങ്ങൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ പര്യാപ്തമല്ല എന്ന് യൂണിയൻ കുറ്റപ്പെടുത്തി. തൊഴിലുടമക്ക് എതിരെ നടപടി സ്വീകരിക്കാനുള്ള അധികാരങ്ങളും നൽകുന്നില്ല എന്നാണ് യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.
രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ അന്വേഷണം ഒരു അവസരമാണെന്ന് യൂണിയൻ പറഞ്ഞു.
കുറഞ്ഞത് മൈഗ്രന്റ് വർക്കേഴ്സ് ടാസ്ക് ഫോഴ്സ് റിപ്പോർട്ടിലെ 22 നിർദ്ദേശങ്ങളെങ്കിലും നടപ്പിലാക്കണെമന്നാണ് യൂണിയനിന്റെ ആവശ്യം.
ഓസ്‌ട്രേലിയൻ പൗരന്മാരല്ലാത്തവരെ തൊഴിൽ ക്രമീകരണങ്ങൾ അംഗീകരിക്കുന്നതിനായി നിർബന്ധിക്കുന്നതും അനാവശ്യ സ്വാധീനം ചെലുത്തുന്നതും ക്രിമിനൽ കുറ്റമാക്കുന്നതും സിവിൽ ശിക്ഷൾക്ക് വിധേയരാക്കുന്നതിനുമുള്ള ബിൽ നവംബറിൽ അവതരിപ്പിച്ചിരുന്നു.
ഇതിന് പുറമെ ഇത്തരം നിയമ നടപടികൾ നേരിടേണ്ടി വരുന്ന തൊഴിലുടമകളെ വിദേശത്ത് നിന്നുള്ള തൊഴിലാളികളെ ജോലിക്കെടുക്കുന്നതിൽ നിന്ന് താത്കാലികമായി വിലക്കാനുമുള്ള അധികാരങ്ങൾ ബില്ലിൽ ഉൾപ്പെടുന്നു.
കടപ്പാട്: SBS മലയാളം