ന്യൂഡൽഹി
യുദ്ധഭരിതമായ ഉക്രയ്നിൽ കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കല്‍ ദുഷ്കരം. ഇന്ത്യൻ എംബസി നിര്‍ദേശിച്ചിരിക്കുന്ന പല വ്യവസ്ഥകളും അപ്രയോഗികമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹംഗറി, റുമേനിയൻ അതിർത്തികൾക്ക് സമീപത്തുള്ള വിദ്യാർഥികളെയാണ് തുടക്കത്തിൽ ഒഴിപ്പിക്കുകയെന്ന് എംബസി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനു പാതയൊരുങ്ങിയാൽ ഈ അതിർത്തികളിലെ ചാപ്സാഹോ, പൊറ്യൂൺസിരേ എന്നീ ചെക്ക്പോസ്റ്റുകൾ വഴിയാണ് ഇന്ത്യക്കാരെ കടത്തുക.
അതേസമയം, വിദ്യാർഥികൾ അടക്കമുള്ളവർ സ്വന്തമായി വാഹനങ്ങൾ കണ്ടെത്തിയാണ് അതിർത്തികളിൽ എത്തേണ്ടത്. ഇവർ അമേരിക്കൻ ഡോളർ കരുതണമെന്ന നിർദേശവും എംബസി നൽകി. ഉക്രയ്നിൽ ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവർത്തനം താറുമാറായതിനാൽ പണം സംഘടിപ്പിക്കാനും ഡോളറായി മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. പാസ്പോർട്ടിനൊപ്പം രണ്ട് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഇന്ത്യൻ ദേശീയ പതാക പതിപ്പിക്കണം.
അതിർത്തിയിലേക്ക് കാൽനടയാത്ര
ലീവിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന 40 ഇന്ത്യൻ വിദ്യാർഥികൾ കാൽനടയായി ഉക്രയ്ൻ–-പോളണ്ട് അതിർത്തിയിൽ എത്തിയതിന്റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു. കോളേജ് ബസിൽ ഇവരെ അതിർത്തിയിൽനിന്ന് ഏഴ് കിലോമീറ്റർ അകലെ എത്തിച്ചു. പോളണ്ട്അതിർത്തി കാൽനടയായി കടക്കാൻ അവിടത്തെ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് ഇന്ത്യയുടെ പോളണ്ട്–-ലിത്വാനിയ എംബസി അറിയിച്ചു. പോളണ്ട് അതിർത്തിയിലും സ്ലോവാക് അതിർത്തിയിലും ഇന്ത്യൻ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. 16,000 ഇന്ത്യക്കാർ ഉക്രയ്നിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
എങ്ങനെ പുറത്തിറങ്ങും
ഉക്രയ്നില്‍ നിന്നും ഇന്ത്യക്കാരെ രാജ്യത്തിന് പുറത്തെത്തിക്കാനുള്ള നീക്കം ഇന്ത്യ തുടങ്ങിയെങ്കിലും അത് അത്ര എളുപ്പമല്ല. 6,03,550 സ്ക്വയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന 18,000ത്തോളം പേരെ ബസ് പുറപ്പെടുന്നിടങ്ങളിലേക്കോ അതിർത്തിയിലേക്കോ എങ്ങനെ എത്തിക്കും എന്നതാണ് പ്രശ്നം. പല യൂണിവേഴ്സിറ്റികളിലുമുള്ള കുട്ടികൾക്ക് അതിർത്തിയിലെത്താൻ മണിക്കൂറുകൾ യാത്ര വേണം. ബസുകളോ കാറുകളോ ലഭ്യമല്ല. ട്രെയ്ൻ ഓടുന്നില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 സർവകലാശാലകളിലായി ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നു. ഉക്രയ്ന്റെ വടക്ക് കിഴക്കൻ നഗരമായ ഖാർകീവിൽ മൂന്ന് സർവകലാശാലയുണ്ട്. ഇവിടെ ആറായിരത്തോളം ഇന്ത്യക്കാരുണ്ട്. മധ്യ പശ്ചിമ ഭാഗത്തുള്ള വിനിത്സിയയിൽ മൂവായിരത്തോളം ഇന്ത്യൻ വിദ്യാർഥികളുണ്ട്. ബങ്കറുകളിൽ അഭയം തേടിയിരിക്കുന്ന പല വിദ്യാർഥികളുടെയും കൈവശം പണം ഇല്ല.
പുറത്തിറങ്ങി പണം പിൻവലിക്കുക അസാധ്യമാണ്. കറന്‍സി യുഎസ് ഡോളർ ആക്കാനുള്ള സാഹചര്യവുമില്ല. പാസ്പോർട്ടിനൊപ്പം സമ്പൂർണ ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കരുതണമെന്നും വാഹനങ്ങളിൽ ഇന്ത്യൻ പതാക പതിക്കണമെന്നുമൊക്കെയുള്ള നിർദേശങ്ങൾ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ സാഹചര്യം പോലും പരിഗണിക്കാതെയുള്ളതാണെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു.