ഹരിപ്പാട്
ബോംബുകളും മിസൈലുകളും എവിടെയൊക്കെയൊ ചിതറുന്നത് ഷെൽറ്ററിലിരുന്ന് ജിതിന അറിയുന്നുണ്ട്. അതിലേറെ വലിയ ഒരു ബോംബ് നെഞ്ചിലുണ്ട്, ഏതേതോദൂരത്ത് ഹൂതി വിമതരുടെ പിടിയിലുള്ള ഭർത്താവ് അഖിലിനെക്കുറിച്ചുള്ള ആധി. ഇരുവരെയുമോർത്ത് ഹൃദയം നുറുങ്ങി ബന്ധുക്കൾ.
പത്തിയൂർ പഞ്ചായത്ത് അംഗമായിരുന്ന രാമപുരം ആഞ്ഞിലിമൂട്ടിൽ വീണയുടെയും ജയകുമാറിന്റെയും മകളാണ് കീവ് മെഡിക്കൽ സർവകലാശാല വിദ്യാർഥിനി ജിതിന. ജനുവരി രണ്ടിനാണ് ജിതിനയുടെ ഭർത്താവ് ചേപ്പാട് ചിറയിൽപടീറ്റതിൽ അഖിലിനെ ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്. യമനിലേക്ക് ഇരുമ്പയിരുമായി പോയ അബുദാബി കപ്പലിലെ അഖിലടക്കമുള്ള ജീവനക്കാർ തടവറയിലാണ്. ഇടയ്ക്ക് ജിതിനയോട് അഖിൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതിനും പറ്റുന്നില്ല.
കീവിലെ ഡാർനിസ മെട്രോയ്ക്കടുത്തുള്ള അഭയകേന്ദ്രത്തിലാണ് ജിതിനയും ആറു സഹപാഠികളും. രണ്ടുപേർ തമിഴ്നാട്ടുകാരും മറ്റുള്ളവർ മലയാളികളും. മിസൈൽ ആക്രമണം തുടങ്ങിയതോടെ പുറത്തിറങ്ങാൻ പേടിയാണെന്ന് ജിതിന പറഞ്ഞു. വളരെക്കുറച്ച് ഭക്ഷണവും വെള്ളവുമാണ് കൈയിലുള്ളത്. എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈൻ തിരക്കാണ്. മിക്കവാറും എല്ലാവരുടെയും ഫോൺ പ്രവർത്തനരഹിതമായി.
വെള്ളി രാവിലെ ജിതിന അമ്മയെ വിളിച്ചിരുന്നു. ഉണങ്ങിയ പഴങ്ങൾ അടക്കമുള്ള എമർജൻസി കിറ്റ്, പാസ്പോർട്ട് എന്നിവ തയ്യാറാക്കിവച്ചിട്ടുണ്ട്. വിമാനം റദ്ദാക്കിയതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി. മടക്കയാത്രയെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നും ജിതിന അമ്മയോട് പറഞ്ഞു.