കീവ്
പെട്ടെന്നൊരു പ്രഭാതത്തിൽ റഷ്യൻ പടയാളികൾ തീതുപ്പിയപ്പോൾ തികച്ചും ഒറ്റപ്പെട്ട് ഉക്രയ്ൻ. ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്ന് മണിക്കൂറുകൾകൊണ്ട് രാജ്യത്തിന്റെ വലിയ ഭാഗവും കൈപ്പിടിയിലാക്കിയപ്പോൾ തോളോടുതോൾ ചേർന്ന് പ്രതിരോധിക്കാൻ ‘ചങ്ങാതിമാർ’ ആരുമുണ്ടായില്ല. മാസങ്ങളായി ‘യുദ്ധം വരുന്നേ…’ എന്ന് ഭീതി പരത്തിയ അമേരിക്കയും നാറ്റോയുമാകട്ടെ, ‘ഞങ്ങളുടെ സഹായം പ്രതീക്ഷിക്കണ്ട, ഞങ്ങളെ അടിച്ചാൽ നോക്കാം’ എന്ന് ചുവടുമാറ്റി.
വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുടെ വാക്കുകളില്‍ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടതിന്റെ നിരാശയും നടുക്കവും വ്യക്തം. ‘പ്രതിരോധിക്കാൻ ഞങ്ങൾ തനിച്ചാണ്. കൂടെ പൊരുതാൻ ആരാണുള്ളത്? ഞാൻ ഇവിടെ ആരെയും കാണുന്നില്ല. ഉക്രയ്ൻ ഭരണനേതൃത്വത്തെ താഴെയാക്കി രാജ്യത്തെ രാഷ്ട്രീയമായി തകർക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഈ അവസരത്തിൽ ഉക്രയ്ന് നാറ്റോ അംഗത്വം ഉറപ്പുനൽകാൻ ആർക്കെങ്കിലും ആകുമോ? എല്ലാവരും പേടിച്ചു പതുങ്ങി. ഇന്നലത്തേത് പോലെതന്നെ, ലോകത്തെ ഏറ്റവും ശക്തൻമാരായ രാജ്യം കാഴ്ചക്കാരായി മാറിനിൽക്കുന്നു.’–- സെലൻസ്കി പറഞ്ഞു.
നേരിട്ട് അതിർത്തി പങ്കിടുകയും റഷ്യ കഴിഞ്ഞാൽ ഭൂവിസ്തൃതിയിൽ മേഖലയിലെ ഏറ്റവും വലിയ രാജ്യവുമായ ഉക്രയ്നെ നാറ്റോയുടെ ഭാഗമാക്കരുത് എന്ന പുടിന്റെ ആവർത്തിച്ചുള്ള ആവശ്യം അമേരിക്കയും നാറ്റോയും തള്ളിയതാണ് സൈനികനീക്കത്തിന് റഷ്യയെ നിര്‍ബന്ധിതമാക്കിയത്. റഷ്യയുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ ഒരു വർഷത്തിനുള്ളിൽമാത്രം ഉക്രയ്നുമായി ചേർന്ന് ആറുതവണ നാറ്റോ സൈനിക അഭ്യാസം നടത്തി. അമേരിക്ക ആയുധങ്ങള്‍ എത്തിച്ചു. നാറ്റോ അംഗത്വമെന്ന ‘സുരക്ഷിതത്വം’ മുന്നോട്ടുവച്ചാണ് അവര്‍ ഉക്രയ്നെ കളിപ്പാവയാക്കിയത്.