ന്യൂഡൽഹി
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഉള്ളടക്കം ഉൾപ്പെടെ നിശ്ചയിക്കാൻ എഡ്യൂടെക് (എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി) കമ്പനികൾക്ക് അധികാരം നൽകുമെന്ന് യുജിസി. യുജിസി (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് ആൻഡ് ഓൺലൈൻ പ്രോഗ്രാംസ്) റെഗുലേഷൻസ്, 2020 ഭേദഗതി ചെയ്ത് എഡ്യൂടെക് കമ്പനികൾക്ക് വിശാലാധികാരങ്ങൾ നൽകുമെന്ന് യുജിസി ചെയർമാൻ എം ജഗദേശ്കുമാർ ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുജിസി റെഗുലേഷൻസ് ഭേദഗതിയുടെ കരട് മാർച്ച് ആദ്യവാരം പുറത്തിറക്കും.
കോളേജുകൾക്കും സർവകലാശാലകൾക്കും കൂടുതൽ സ്വാതന്ത്ര്യം നൽകാനും നവ സാങ്കേതികവിദ്യാ സാധ്യതകൾ ഉപയോഗിക്കാനുമാണ് ഇതെന്നാണ് ചെയർമാന്റെ വിശദീകരണം. എന്നാൽ, ഉന്നതവിദ്യാഭ്യാസമേഖലയിൽ കോർപറേറ്റ്വൽക്കരണം നടപ്പാക്കുകയാണെന്ന വിമർശം ശക്തമായി. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (എൻഇപി) വിദ്യാഭ്യാസത്തെ കാവി–- വാണിജ്യവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ആദ്യപടിയാണ് എഡ്യൂടെക് കമ്പനികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതെന്നാണ് വിലയിരുത്തൽ. ജെഎൻയു വിസിയായി കുപ്രസിദ്ധനായ ജഗദേശ്കുമാറിനെ യുജിസി തലപ്പത്ത് പ്രതിഷ്ഠിച്ചതും ഇതിന്റെ ഭാഗം.
ഉയർന്ന റേറ്റിങ്ങുള്ള സ്വയംഭരണ കോളേജുകൾക്ക് 2022–23 അക്കാദമിക് വർഷംമുതൽ ഓൺലൈൻ ബിരുദ കോഴ്സുകൾ നടത്താനുള്ള അനുമതി നൽകുമെന്നും ചെയർമാൻ അറിയിച്ചു. എൻഐആർഎഫിൽ റാങ്ക്പട്ടികയിൽ തുടർച്ചയായി മികച്ച റാങ്കുകൾ കരസ്ഥമാക്കിയ കോളേജുകൾക്കാകും അനുമതി നൽകുക.