തിരുവനന്തപുരം
ജെ സി ഡാനിയേൽ പുരസ്കാരം ഗായകൻ പി ജയചന്ദ്രന് സമ്മാനിച്ചു. സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്.
വരേണ്യ വർഗത്തിനുമാത്രം പ്രാപ്യമായ സംഗീതത്തെ ചലച്ചിത്ര ഗാനങ്ങളിലൂടെ ഏവർക്കും പ്രിയപ്പെട്ട കലയാക്കി മാറ്റിയ മലയാളികളുടെ മുഴുവൻ സൗഭാഗ്യമാണ് ഗായകൻ പി ജയചന്ദ്രനെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർഹമായ കരങ്ങളിൽ അവാർഡ് ഏൽപ്പിക്കുന്നതിൽ സന്തോഷമുണ്ട്. സംഗീതത്തെ ജനകീയവൽക്കരിച്ച സിനിമയെന്ന കലയുടെ ഭാഗമായ ജയചന്ദ്രൻ അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. ഗാനങ്ങളുടെ വൈകാരിക ഭാവം ഉൾക്കൊണ്ട് അതിസൂക്ഷ്മമായി പാടുന്നതിനാലാണ് ഭാവഗായകനെന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷയിലും അദ്ദേഹം തന്റെ സ്വര മാധുര്യം എത്തിച്ചു. സംഗീത ലോകത്തിന് ഇനിയും കൂടുതൽ സംഭാവനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
തനിക്കായി പ്രാർഥിക്കുന്ന, തന്നെ സ്നേഹിക്കുന്ന, നല്ലത് പറയുന്ന ശ്രോതാക്കളാണ് തന്റെ ഏറ്റവും വലിയ ശക്തിയും പുരസ്കാരവുമെന്ന് ജയചന്ദ്രൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സംഗീത ലോകത്ത് പാട്ടുകൾ പാടുന്നു എന്നതിൽ കവിഞ്ഞ് ഈ മേഖലയിലെ കൂടുതൽ കാര്യങ്ങൾ തനിക്ക് അറിയില്ല.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. അടുത്ത മാസം നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ മന്ത്രി ആന്റണി രാജു കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് നൽകി പ്രകാശിപ്പിച്ചു. മന്ത്രി ജി ആർ അനിൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി അജോയ്, രവിമേനോൻ എന്നിവർ സംസാരിച്ചു.
പുരസ്കാര സമർപ്പണത്തെ തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ‘ഭാവഗാന സാഗരം’ എന്ന സംഗീതപരിപാടി അരങ്ങേറി.