ന്യൂഡൽഹി
കിഴക്കൻ ഉത്തർപ്രദേശ് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ‘ആവാരാ പശു’ (അലഞ്ഞുതിരിയുന്ന കന്നുകാലികൾ) മുഖ്യചർച്ചാവിഷയം. യോഗി ആദിത്യനാഥ് സർക്കാർ കന്നുകാലി കശാപ്പ് വിലക്കിയതോടെ കറവവറ്റിയ പശുക്കളും പ്രായമായ കാളകളും സാണ്ടുകളും (വിത്തുകാള) കൃഷിയിടങ്ങളിൽ അതിക്രമിച്ച് കയറി വിള നശിപ്പിക്കുന്നത് പതിവ്. ആഗ്ര, ബുലന്ദ്ശഹർ, അലിഗഢ്, ഗോരഖ്പുർ, ദേവറിയ, മിർസാപുർ തുടങ്ങി മിക്ക ജില്ലകളിലും ഇവ കർഷകർക്ക് വലിയ തലവേദനയാണ്. 2017ൽ ‘കന്നുകാലി കശാപ്പ് തടയും’ –- എന്ന വാഗ്ദാനത്തിൽ ബിജെപിക്ക് വോട്ട് ചെയ്തെങ്കിലും ഇക്കുറി സമാജ്വാദി പാർടിക്കാണ് വോട്ടെന്ന് കർഷകർ പ്രതികരിച്ചു. കർഷക പ്രശ്നത്തിൽ നടപടി സ്വീകരിക്കാത്തവർക്ക് വോട്ടില്ലെന്നും അവർ വിശദീകരിച്ചു.
കന്നുകാലികൾ ബിജെപിയുടെ വോട്ടും ഇല്ലാതാക്കുമെന്നായതോടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ നടപടിയെടുക്കുമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. ഞായറാഴ്ച ഉന്നാവോയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ‘ആവാരാ പശു’ പ്രശ്നം പരിഹരിക്കാൻ പുതിയ നയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. കറവവറ്റിയ പശുക്കളും മറ്റും ബാധ്യതയായതോടെ ക്ഷീരകർഷകർ അഴിച്ചുവിടാൻ തുടങ്ങിയതാണ് സാഹചര്യം വഷളാക്കിയത്. കശാപ്പ് നിരോധിച്ചവർ പക്ഷേ, ഇത്തരം കന്നുകാലികളെ സംരക്ഷിക്കാൻ ഗോശാലകൾ ഉണ്ടാക്കുമെന്ന വാഗ്ദാനം പാലിച്ചില്ല.
വിള തിന്നുന്നത് തടയാൻ കർഷകർക്ക് കൃഷിയിടത്തിന് ചുറ്റും കമ്പിവേലി കെട്ടിക്കേണ്ടിവന്നു. ഒരു ബീഗാ കൃഷിഭൂമിക്ക് (61.78 സെന്റ്) ചുറ്റും വേലികെട്ടാൻ 100 കിലോ സ്റ്റീൽ വയർവേണം. 20,000 രൂപയോളമാണ് ചെലവ്. വേലി കെട്ടിക്കാനാകാത്തവരുടെ വിളകൾ മുഴുവൻ കന്നുകാലികൾ തിന്നൊടുക്കി. ‘ആവാരാ പശു’ ശല്യം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.