തലശേരി
എങ്ങനെ ഒരു മനുഷ്യന് ഇത് ചെയ്യാൻ കഴിഞ്ഞുവെന്നോർത്ത് അമ്പരന്നുപോയെന്ന് കഥാകൃത്ത് ടി പത്മനാഭൻ. കാൽ നഷ്ടപ്പെട്ട തൊഴിലാളിയുടെ മൃതദേഹം ദേശാഭിമാനിയിൽ കണ്ടപ്പോൾ വേദന തോന്നി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗരൂകത സർക്കാർ മാത്രമല്ല, നാമോരോരുത്തരം കാട്ടണം. ഇല്ലെങ്കിൽ നാടിന് തീരാത്ത കളങ്കമാവും ഫലം. സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ ഹരിദാസന്റെ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പൊന്ന്യത്തങ്കം വേദിയിലാണ് കഥാകാരന്റെ പ്രതികരണം.
ദുഃഖകരമായ അന്തരീക്ഷത്തിലാണ് നാമിവിടെ സമ്മേളിക്കുന്നത്. വളരെ ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി സ്വാതന്ത്ര്യം കിട്ടിയപ്പോൾ മതിയാക്കിയ ആളാണ് ഞാൻ. മദിരാശി അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് അഭ്യർഥിക്കാൻ 1945ൽ മോറാഴ അഞ്ചാംപീടികയിൽ കോൺഗ്രസ് യോഗം ചേർന്നിരുന്നു. അന്ന് ചുറ്റുപാടും കമ്യൂണിസ്റ്റുകാരായിരുന്നു.
കോൺഗ്രസുകാരായ ഞങ്ങൾക്ക് ദാഹവും വിശപ്പും അകറ്റാൻ ചായ, പലഹാരങ്ങൾ തന്നതും പ്രസംഗിക്കാനുള്ള മേശയും കസേരയും ഒരുക്കിത്തന്നതും യോഗം കഴിഞ്ഞപ്പോൾ ഇടവഴിയിൽ ചൂട്ടുകത്തിച്ച് അനുഗമിച്ചതും സഖാക്കളായിരുന്നു. ഒരു അപശബ്ദമോ കല്ലേറോ കൈവെട്ടലോ ഉണ്ടായിരുന്നില്ല. അങ്ങനെയും ഒരു കാലത്ത് രാഷ്ട്രീയപ്രവർത്തനമുണ്ടായിരുന്നു. ഇന്നത് പൂർണമായും മാറിയിരിക്കുന്നു. കണ്ണൂർ, തലശേരി പ്രദേശങ്ങൾക്ക് ഏറ്റവും അപമാനകരമായ സംഭവമാണ് ഇവിടെ നടന്ന കൊലപാതകമെന്നും ടി പത്മനാഭൻ പറഞ്ഞു.