ന്യൂഡൽഹി
യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് ഒതുങ്ങിപ്പോയ ബിഎസ്പിയെ ഉയർത്തിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിഎസ്പിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും മുസ്ലിങ്ങൾ അവർക്കും വോട്ട് ചെയ്യുമെന്നും അമിത്ഷാ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ജാതവസമുദായത്തിന്റെയും മുസ്ലിങ്ങളുടെയും വോട്ട് ബിഎസ്പിക്കുതന്നെ കിട്ടുമെന്നും അമിത്ഷാ അവകാശപ്പെട്ടു. മായാവതി കാര്യമായി പ്രചാരണം നടത്താത്തത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഷായുടെ പ്രതികരണം.
2017ലെ തെരഞ്ഞെടുപ്പിൽ എസ്പി––കോൺഗ്രസ് സഖ്യത്തിന് കിട്ടിയത് 28.46 ശതമാനം വോട്ട്. എസ്പിക്ക് 47, കോൺഗ്രസിന് ഏഴ് വീതം സീറ്റിൽ മാത്രമായിരുന്നു ജയം. ബിഎസ്പി 22.23 ശതമാനം വോട്ടും 19 സീറ്റുംനേടി. 39.67 ശതമാനം വോട്ടോടെ ബിജെപിക്ക് 403ൽ 312 സീറ്റ് നേടാനായി.
ബിജെപിയിതര വോട്ടുകൾ ഭിന്നിച്ചതാണ് കഴിഞ്ഞതവണ അവർക്ക് മികച്ച ഭൂരിപക്ഷം നൽകിയത്. അമിത്ഷാ ബിഎസ്പിയെ പുകഴ്ത്തുന്നതിന്റെ രഹസ്യവും ഇതുതന്നെ.