ന്യൂഡൽഹി
സമാജ്വാദി പാർടിയുടെ ‘സൈക്കിളി’നെ അഹമ്മദാബാദ് സ്ഫോടനങ്ങളുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ ആക്ഷേപിക്കുമ്പോൾ സൈക്കിളിന്റെ ‘ചിഹ്ന ചരിത്ര’വും ചർച്ചയാകുന്നു. 1992 ഒക്ടോബർ നാലിനാണ് മുലായം സിങ് യാദവ് എസ്പി രൂപീകരിച്ചത്. 1993ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പുതൊട്ട് ‘സൈക്കിളെ’ന്നാൽ എസ്പിയായി. കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വാഹനമെന്ന നിലയിലാണ് മുലായം സൈക്കിളിനെ അവതരിപ്പിച്ചത്. ചിഹ്നത്തിന്റെ പ്രചാരണാർഥം മുലായവും സഹോദരൻ ശിവ്പാലും തുടർച്ചയായി സൈക്കിൾയാത്രകൾ നടത്തി. അന്ന് എസ്പി മത്സരിച്ച 256 സീറ്റിൽ 109ൽ ജയിച്ചു. മുലായം രണ്ടാം തവണ മുഖ്യമന്ത്രിയായി.
2008ലെ അഹമ്മദാബാദ് സ്ഫോടനങ്ങളിൽ ബോംബ് ഘടിപ്പിക്കാൻ സൈക്കിൾ ഉപയോഗിച്ചതിന്റെ പേരിലാണ് ബിജെപി നേതാക്കളുടെ ആക്ഷേപം. ജനകീയപ്രശ്നങ്ങൾ മറച്ചുപിടിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഈ ആക്ഷേപമെന്ന് എസ്പി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പട്ടേൽ പറഞ്ഞു.