ന്യൂഡൽഹി
ഹരിയാന ബിജെപി സർക്കാരിന്റെ അടിച്ചമർത്തൽ നീക്കങ്ങളെ അതിജീവിച്ച് 76 ദിവസമായി പ്രക്ഷോഭം തുടരുന്ന അങ്കണവാടി വർക്കേഴ്സിനും ഹെൽപ്പേഴ്സിനും അഭിവാദ്യം അർപ്പിച്ച് അഖിലേന്ത്യാ കിസാൻസഭ. യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ 42,000ത്തോളം അങ്കണവാടി ജീവനക്കാർ സമരരംഗത്തുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വേതനവർധന നടപ്പാക്കാത്ത സംസ്ഥാനസർക്കാർ നടപടിക്കെതിരെയാണ് സമരം. വർഷംതോറും വേതനം വർധിപ്പിക്കാമെന്ന മുഖ്യമന്ത്രിയുടെ 2018ലെ വാഗ്ദാനവും നടപ്പാക്കിയിട്ടില്ല.
പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ നീക്കം. നേതാക്കളെ അറസ്റ്റ് ചെയ്യുക, കള്ളക്കേസുകളിൽ കുടുക്കുക തുടങ്ങിയവയും തുടങ്ങി. നേരത്തെ ആശാവർക്കർമാരുടെ പ്രക്ഷോഭത്തെയും ഈ രീതിയിൽ അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചിരുന്നു. അങ്കണവാടി ജീവനക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കിസാൻസഭ വാർത്താക്കുറിപ്പിൽ പറഞ്ഞു.