ഇടുക്കി
ചൊവ്വ ധീരജിന്റെ 22–-ാം ജന്മദിനമായിരുന്നു. നരാധമൻമാർ കെടുത്തിയില്ലായിരുന്നെങ്കിൽ ഓടിനടന്ന് മധുരം വിളമ്പേണ്ട വിലപ്പെട്ട ജീവൻ. വിടരുംമുമ്പേ കൊലക്കത്തി മൂർച്ചയേറ്റ് ഞെട്ടറ്റുവീണ വസന്തപുഷ്പമായി അവൻ. പിറന്നാൾ ദിനത്തിനു 41 നാളുകൾക്കകലെ കോൺഗ്രസ് കാപാലികരാൽ അരുംകൊല ചെയ്യപ്പെട്ട ധീരജ് കലാലയത്തിന്റെ സ്നേഹവർണമായിരുന്നു എന്ന് തെളിയിക്കുന്നതായി പൈനാവ് എൻജിനിയറിങ് കോളേജിൽ കൂട്ടുകാരുടെ ഓർമ പങ്കുവയ്ക്കൽ.
ധീരജിന്റെ സ്മരണ പങ്കുവച്ചുള്ള വാക്കുകൾ പലർക്കും മുഴുമിക്കാനായില്ല. എസ്എഫ്ഐ സംഘടിപ്പിച്ച ധീരജ് അനുസ്മരണത്തിന്റെ ഭാഗമായി കോളേജിന്റെ വിവിധ ഭാഗങ്ങളിൽ ധീരജിന്റെ ഛായാചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ധീരജിന് അന്ത്യാഭിവാദ്യമേകിയ ഇടുക്കി എൻജിനിയറിങ് കോളേജിനു മുന്നിൽ വീണ്ടും പ്രിയസഖാക്കളും കൂട്ടുകാരുമാണ് അവന്റെ ജന്മദിനത്തിൽ ഒത്തുകൂടിയത്.
ധീരജിന്റെ ചിത്രംവച്ച് പ്രത്യേകം തയ്യാറാക്കിയ വേദിയിലെ അനുസ്മരണം എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കോളേജ് യൂണിറ്റ് കമ്മിറ്റിയംഗം അച്ചു കുളങ്ങര അധ്യക്ഷനായി. ധീരജിനൊപ്പം കുത്തേറ്റ അഭിജിത്തും അമലും സംസാരിക്കുമ്പോൾ സദസ്സ് ഒന്നടങ്കം നിശബ്ദമായി. കണ്ണീരണിഞ്ഞ ഓർമകൾ അവിടെ കൂടിയിരുന്ന വിദ്യാർഥികളെയും ദുഃഖത്തിലാഴ്ത്തി. ധീരജിന്റെ അച്ഛൻ എഴുതിയ കവിതകൾ രണ്ട് വിദ്യാർഥികൾ ആലപിച്ചപ്പോഴും സദസ്സ് മൂകമായിരുന്നു. കൊന്നുകളഞ്ഞിട്ടും തോൽക്കാത്ത ധീരതയാണ് ധീരജ് എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലയിലെമ്പാടും വിദ്യാർഥി സംഗമം സംഘടിപ്പിച്ചത്.