മംഗളൂരു
ഹിജാബ് നിരോധനത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുന്ന വിദ്യാർഥിനിയുടെ സഹോദരനെ ആക്രമിച്ച സംഘപരിവാറുകാർ ഹോട്ടൽ തകർത്തു. ഉഡുപ്പി സർക്കാർ വനിതാ പിയു കോളേജിലെ ആറ് വിദ്യാർഥികളിൽ ഒരാളായ ഹസ്ര ഷിഫയുടെ സഹോദരൻ സെയ്ഫിനെ (20)യാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച രാത്രി മൽപെയിലെ ഇവരുടെ ഹോട്ടലായ ‘ബിസ്മില്ലാഹി’ൽ അതിക്രമിച്ച് കയറിയ നൂറോളം സംഘപരിവാർ പ്രവർത്തകരാണ് മർദിച്ച് പരിക്കേൽപ്പിച്ചത്. സെയ്ഫിനെ ഉഡുപ്പി ഹൈടെക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി അക്രമിസംഘം ഹോട്ടൽ എറിഞ്ഞുതകർത്തു.
ഷിഫയുടെ ഉപ്പ ഹൈദരലിയുടെ പരാതിയിൽ ദീപ്ക് തുടങ്ങി കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തു. ഹിജാബ് വിഷയത്തിൽ കന്നട ചാനൽ ഏഷ്യാനെറ്റ് സുവർണ നടത്തിയ ഒളിക്യാമറ വാർത്തയാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്. കോടതിയെ സമീപിച്ച വിദ്യാർഥികളെയും ബന്ധുക്കളെയും കണ്ട് സംസാരിച്ചത് ഒളിക്യാമറയിൽ പകർത്തി ഞായറാഴ്ച പ്രക്ഷേപണം ചെയ്തു. പിന്നാലെയായിരുന്നു സംഘപരിവാർ ആക്രമണം. സെയ്ഫിനെ ആക്രമിച്ചതിൽ ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. വിദ്യാർഥികളിലൊരാളായ ആലിയ അസദിയുടെ പരാതിയിൽ ചാനലിനെതിരെയും കേസെടുത്തു.