ഐക്യരാഷ്ട്ര കേന്ദ്രം
ഡൊണെട്സ്ക്, ലുഹാൻസ്ക് മേഖലകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ച റഷ്യൻ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. റഷ്യൻ നടപടി ഉക്രയ്ന്റെ പരമാധികാരത്തിന്റെ ലംഘനവും യുഎൻ ചാർട്ടറിന് വിരുദ്ധവമാണ്. മിൻസ്ക് ഉടമ്പടിക്ക് അനുസൃതമായി പ്രശ്നം രമ്യമായി പരിഹരിക്കണം. ഐക്യരാഷ്ട്ര സംഘടന ഉക്രയ്ന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുനൊപ്പം നിലകൊള്ളുമെന്നും ഗുട്ടെറസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ചേർന്ന അടിയന്തര രക്ഷാസമിതി യോഗത്തിലും റഷ്യക്കെതിരെ രൂക്ഷവിമർശമുണ്ടായി. ഉക്രയ്നും അമേരിക്കയും അഞ്ച് യൂറോപ്യൻ രാജ്യവുമാണ് അടിയന്തര യോഗം ആവശ്യപ്പെട്ടത്.സമാധാന സേനയെന്ന നിലയിലാണ് സൈന്യത്തെ മേഖലയിലേക്ക് വിന്യസിച്ചതെന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വാദം പ്രഹസനമാണെന്ന് അമേരിക്കൻ അംബാസഡൾ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ചൈന നിലപാടറിയിച്ചു. സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കുന്നതിനായി ചർച്ച തുടരണമെന്ന് ഇന്ത്യൻ സ്ഥാനപതി ടി എസ് തിരുമൂർത്തി ചൂണ്ടിക്കാട്ടി. റഷ്യൻ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഉക്രയ്ൻ സ്ഥാനപതി സെർജി കിസ്ലിസ്റ്റ്യ ആവശ്യപ്പെട്ടു. റഷ്യൻ അനുകൂല മേഖലയിൽ വൻ യുദ്ധസന്നാഹം ഒരുക്കിയ ഉക്രയ്നെ പാശ്ചാത്യ രാജ്യങ്ങൾ അനുകൂലിക്കുകയാണെന്ന് റഷ്യൻ സ്ഥാനപതി വാസിലി നെബെൻസിയ കുറ്റപ്പെടുത്തി. ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരായ നിലപാട് സ്വീകരിച്ചു.