ന്യൂഡൽഹി
ബിജെപിക്കെതിരായ ദേശീയ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും (കെസിആർ) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറെയും ചർച്ച നടത്തി. മുംബൈയിൽ താക്കറെയുടെ ഔദ്യോഗികവസതിയിലായിരുന്നു ചർച്ച.
ശിവസേന എംപി സഞ്ജയ് റാവത്തും പങ്കെടുത്തു. എൻസിപി നേതാവ് ശരത്ത് പവാറുമായും കെസിആർ ചർച്ച നടത്തും. നേരത്തെ കെസിആറുമായി ഫോണിൽ സംസാരിച്ച താക്കറെ അദ്ദേഹത്തെ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിക്കെതിരായ കൂട്ടായ്മയുടെ രൂപീകരണത്തിന് ചർച്ച ശക്തി പകരുമെന്ന് ശിവസേന മുഖപത്രം സാമ്ന അവകാശപ്പെട്ടു.
പവാറുമായി ചർച്ച നടത്തി
ചന്ദ്രശേഖരറാവു എൻസിപി നേതാവ് ശരദ് പവാറുമായും ചർച്ച നടത്തി. കർഷകപ്രശ്നങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കമുള്ളവ ചർച്ചയായി. രാജ്യത്തെ പുതിയ അജൻഡയോടെ പുതിയ നേതൃത്വം നയിക്കേണ്ട സമയമായെന്ന് ചർച്ചയ്ക്കുശേഷം കെസിആർ പ്രതികരിച്ചു. പവാർ പൂർണസഹകരണം വാഗ്ദാനം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.















