ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ കാൺപുർ ദേഹാത്തിയിലെ വോട്ടിങ് യന്ത്രത്തിൽ എസ്പിക്ക് വോട്ട് ചെയ്താൽ ബിജെപിക്കാണ് പോകുന്നതെന്ന് ആരോപണമുണ്ടായി. ചിലയിടത്ത് വോട്ടിങ് യന്ത്രം പണിമുടക്കിയത് തർക്കത്തിന് ഇടയാക്കി.
മെയിൻപുരിയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റ സംഭവത്തിൽ എസ്പി പ്രവർത്തകൻ അറസ്റ്റിലായി. കാൺപുർ ദേഹാത്തിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറുണ്ടായി. ഔറായിയായിൽ പോളിങ് ഉദ്യോഗസ്ഥനെ ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
ആദ്യ രണ്ടു ഘട്ടത്തിലായി സമാജ്വാദി പാർടി 100 സീറ്റ് സ്വന്തമാക്കിയെന്നും അടുത്ത ഘട്ടത്തിൽ കൂടുതൽ സീറ്റ് നേടി വിജയം ഉറപ്പിക്കുമെന്നും സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.














