ന്യൂഡൽഹി
ദളിത്, ഭൂരഹിത കർഷകത്തൊഴിലാളി, നാടോടി കുടുംബത്തിലെ വിദ്യാർഥികൾക്ക് വിദേശവിദ്യാഭ്യാസത്തിനായുള്ള നാഷണൽ ഓവർസീസ് സ്കോളർഷിപ് പദ്ധതി(എൻഒഎസ്) കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നു. ആറ് വർഷമായി സ്കോളർഷിപ് ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇന്ത്യൻ സംസ്കാരം, ചരിത്രം, സാമൂഹ്യശാസ്ത്രം, പാരമ്പര്യം എന്നീ വിഷയങ്ങളിൽ സ്കോളർഷിപ് കേന്ദ്രം നിർത്തി.
ഈ വർഷം അപേക്ഷിക്കേണ്ടതിനു തൊട്ടുമുമ്പാണ് നടപടി. കേന്ദ്രസാമൂഹ്യ നീതി മന്ത്രാലയം വഴിയാണ് എൻഒഎസ് നടപ്പാക്കുന്നത്. മാനദണ്ഡം മാറ്റുന്നതിൽ മന്ത്രാലയം ആലോചന നടത്തിയില്ല. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 2012 മുതലാണ് സാമൂഹ്യശാസ്ത്ര, മാനവിക വിഷയങ്ങൾക്കും സ്കോളർഷിപ് ഏർപ്പെടുത്തിയത്.
പ്രതിവർഷം 100 വിദ്യാർഥികൾക്കായിരുന്നു സ്കോളർഷിപ്. 2021–-22ൽ നൽകിയത് 39 പേർക്ക് മാത്രം. നീക്കിവച്ചത് 20 കോടി രൂപ മാത്രവും. കഴിഞ്ഞ ആറ് വർഷം ശരാശരി 50–-70 പേർക്ക് വീതമാണ് സ്കോളർഷിപ് ലഭിച്ചത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള വളരെ പരിമിതമായ എണ്ണം വിദ്യാർഥികൾക്കാണ് എൻഒഎസ് വഴി വിദേശത്ത് പഠന അവസരം ലഭിച്ചിരുന്നത്. ഇതും ഇപ്പോൾ നിർത്തലാക്കുന്നു. സാമൂഹ്യശാസ്ത്ര, മാനവിക വിഷയങ്ങളെ ഒഴിവാക്കുന്നത് പദ്ധതിയുടെ ലക്ഷ്യം തകർക്കും. കേന്ദ്രം ഫണ്ട് ലഭ്യമാക്കാത്തതിനാൽ യുജിസി ഫെലോഷിപ്പുകളുടെ എണ്ണവും ആറ് വർഷമായി ഗണ്യമായി ഇടിയുന്നു.















