ന്യൂഡൽഹി
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ(എൻഎസ്ഇ) ക്രമക്കേട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിൽ(സെബി)നിന്ന് മറച്ചുവച്ചു. മുൻ എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണ നടത്തിയ ക്രമക്കേടിന്റെ വിവരം എൻഎസ്ഇ ബോർഡ് യഥാസമയം കൈമാറിയില്ലെന്ന് സെബി വ്യക്തമാക്കി. ക്രമക്കേടിനെക്കുറിച്ച് അന്നത്തെ എൻഎസ്ഇ ബോർഡ് അംഗങ്ങൾക്കും ധാരണയുണ്ടായിരുന്നെന്നാണ് സെബി വിലയിരുത്തൽ. 2016ൽ ചിത്ര സ്ഥാനമൊഴിഞ്ഞപ്പോൾ ബോർഡ് ഇവർക്ക് യാത്രയയപ്പും നൽകിയിരുന്നു.
എൻഎസ്ഇയിലെ നിർണായക വിവരം ചിത്ര ഹിമാലയത്തിലെ യോഗിക്ക് കൈമാറിയതായി സെബി കണ്ടെത്തിയിരുന്നു. തുടർന്ന്, ആദായനികുതി വകുപ്പ് ചിത്രയുടെ മുംബൈയിലെ വസതി റെയ്ഡ് ചെയ്തു. സിബിഐ കേസെടുത്ത് ചിത്രയെ ചോദ്യം ചെയ്തിരുന്നു.
എൻഎസ്ഇയിലെ നിർണായക യോഗങ്ങൾക്കുശേഷം യോഗവിവരം rigyajursama@gmail.com എന്ന ഐഡിയിലേക്ക് ചിത്ര മെയിൽ അയക്കുമായിരുന്നു. യോഗിയുടേതാണ് ഈ മെയിൽ എന്നാണ് നിഗമനം. യോഗി തന്റെ ആത്മീയ ഗുരുവാണെന്നും എന്ത് വിഷയത്തിലും അദ്ദേഹത്തിന്റെ ഉപദേശപ്രകാരമേ പ്രവർത്തിക്കാറുള്ളൂവെന്നുമാണ് ചിത്രയുടെ വിശദീകരണം. ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയവയുടെ ഫോറൻസിക് പരിശോധന തുടങ്ങി.















