കീവ്
ഉക്രയ്നിൽ യുദ്ധം ആസന്നമെന്ന പാശ്ചാത്യ പ്രചാരണം വീണ്ടും ശക്തമായതോടെ പൗരൻമാരോടും ജീവനക്കാരുടെ കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാൻ നിർദേശിച്ച് കീവിലെ ഇന്ത്യൻ എംബസി. അത്യാവശ്യമായി തുടരേണ്ടവർമാത്രം തങ്ങിയാൽ മതിയെന്നാണ് നിർദേശം. വിദ്യാർഥികൾ തങ്ങളുടെ അക്കാദമിക് കോൺട്രാക്ടർമാരുമായി ബന്ധപ്പെട്ട് യാത്ര തീരുമാനിക്കണം. ലഭ്യമായ കൊമേഴ്സ്യൽ, ചാർട്ടേഡ് വിമാന സർവീസുകൾ ഉപയോഗപ്പെടുത്തണമെന്ന് എംബസി ഞായറാഴ്ച പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉക്രയ്നിൽനിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ മൂന്ന് പ്രത്യേക സർവീസ് നടത്തും.
കൂടുതൽ നിർദേശങ്ങൾക്ക് എംബസി വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും സന്ദർശിക്കണം. കൂടുതൽ സഹായത്തിനായിി ഇന്ത്യൻ വിദേശ മന്ത്രാലയവുമായി ബന്ധപ്പെടണം. മന്ത്രാലയം കൺട്രോൾ റൂമും എംബസി മുഴുവൻ സമയ ഹെൽപ്ലൈനും തുടങ്ങിയിട്ടുണ്ട്. റഷ്യയെ അനുകൂലിക്കുന്ന കിഴക്കൻ മേഖലയിലേക്ക് ഉക്രയ്ൻ ഷെല്ലാക്രമണം തുടങ്ങിയതോടെ രാജ്യത്ത് സംഘർഷാവസ്ഥയാണ്. തുടർന്നാണ്, ഉക്രയ്നിലുള്ള പൗരർ രാജ്യം വിടുന്നത് പരിഗണിക്കണമെന്ന ആദ്യ നിർദേശം എംബസി പരിഷ്ക്കരിച്ചത്.















