തിരുവനന്തപുരം
നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വഴങ്ങിയെന്നത് മാധ്യമ വ്യാഖ്യാനമാണ്. ആ സമയത്ത് ഭരണഘടനാ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്ററിൽ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി.
ഗവർണറും സർക്കാരും തമ്മിൽ എന്തെങ്കിലും സംഘർഷമുണ്ടാക്കാൻ പാർടി ആഗ്രഹിക്കുന്നില്ല. ഗവർണർമാരെ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ കേന്ദ്രം പുറപ്പെട്ടാൽ അത് അനുവദിക്കില്ല. സഭാ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി കണ്ടതിൽ തെറ്റില്ല. എന്നാൽ, സർക്കാർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ ഗവർണർ ഇടപെടുന്നത് ശരിയല്ല.
1994 മുതൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ട്. എല്ലാ സർക്കാരും ഇത് അംഗീകരിച്ചതാണ്. അഞ്ചു വർഷത്തേക്കാണ് നിയമനം. രണ്ടു വർഷം കൂടുമ്പോൾ മാറ്റുമെന്നത് തെറ്റായ വിവരമാണ്. കാര്യങ്ങൾ മനസ്സിലാക്കാനാണ് ഗവർണർ രേഖകൾ ചോദിച്ചതെങ്കിൽ തെറ്റില്ല. എന്നാൽ, ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ല. കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ പേഴ്സണൽ സ്റ്റാഫ് വേണം. അതുകൊണ്ടാണ് നഗരസഭാ അധ്യക്ഷന്മാർക്കും പിഎമാരെ നൽകുന്നത്.
ഗവർണർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ സിപിഐ എം അതിനെ എതിർത്തിട്ടുണ്ട്. അത് തുടരും. പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ ഗവർണർ പറഞ്ഞിട്ടില്ല. ഗവർണർ സ്വീകരിച്ച നടപടി അദ്ദേഹംതന്നെ പിന്നീട് തിരുത്തി. നിലവിൽ മറ്റു പ്രതിസന്ധിയില്ല. പ്രശ്നം പരിഹരിക്കുന്നതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. ഗവർണർ സ്ഥാനം ആവശ്യമില്ലെന്നാണ് സിപിഐ എമ്മിന്റെ നിലപാട്. പാർടി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഫെഡറൽ സംവിധാനത്തിൽ രാജ്യത്ത് ഗവർണർ പദവിയുള്ളതിനാലാണ് അതിനനുസരിച്ച് മുന്നോട്ടുപോകുന്നതെന്നും കോടിയേരി പറഞ്ഞു.















