മലപ്പുറം
കേരളം ആദ്യമായി ആതിഥ്യംവഹിക്കുന്ന ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് ഏപ്രിൽ രണ്ടുമുതൽ ആറുവരെ കലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ നടക്കും. ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ 25–-ാം വാർഷികവേളയിലാണ് കേരളം മേളയ്ക്ക് ആതിഥ്യമരുളുന്നത്. അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഒളിമ്പ്യന്മാരടക്കം എണ്ണൂറോളം കായികതാരങ്ങൾ പങ്കെടുക്കും.
മറ്റ് മൂന്ന് ദേശീയ മീറ്റുകൾക്കും കേരളം വേദിയാകും. ഇന്ത്യൻ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ് മാർച്ച് ഒന്നിന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലും ഇന്ത്യ ഗ്രാൻഡ് പ്രീ ഒന്ന് മാർച്ച് 13നും ഇന്ത്യ ഗ്രാൻഡ് പ്രീ രണ്ട് 23നും കേരള സർവകലാശാലാ സ്റ്റേഡിയത്തിലും നടക്കും.















