മോസ്കോ
കിഴക്കൻ ഉക്രയ്നിലെ റഷ്യന് അനുകൂലമേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളില് 35ലക്ഷം പേര് അധിവസിക്കുന്നുണ്ട്. ഡോണട്സ്കില് നിന്നും ഏഴുലക്ഷം പേരെ ഉടന് റഷ്യന് നിയന്ത്രിതമേഖലയായ റസ്തോവിലേക്ക് മാറ്റാന് നടപടി തുടങ്ങി. ശനിയാഴ്ചയും ഉക്രയ്ൻ സെെന്യം ഡോണട്സ്കില് ഷെൽ ആക്രമണം നടത്തിയത് നഗരവാസികളെ പരിഭ്രാന്തിയിലാക്കി. നഗരത്തില് കാര്ബോംബ് സ്ഫോടനവും ഉണ്ടായി. പിന്നാലെ യുദ്ധസജ്ജമാകാന് ഡോണട്സ്കും ലുഹാൻസ്കും സൈന്യത്തോട് നിര്ദേശിച്ചു. പാശ്ചാത്യരാജ്യങ്ങളില് നിന്നും അത്യന്താധുനിക ആയുധം ലഭിച്ചതോടെ ഉക്രയ്നിലെ റഷ്യന് അനുകൂലമേഖലകളില് കൂട്ടക്കുരുതി ഉണ്ടാകുമെന്ന പ്രചാരണം തീവ്രമാണ്.
അഭയാര്ഥികള്ക്ക് എല്ലാസൗകര്യവും ഒരുക്കാന് അടിയന്തര സാഹചര്യങ്ങൾ കെെകാര്യം ചെയ്യുന്ന മന്ത്രി അലക്സാണ്ടർ ചുപ്രിയനോട് ഉടൻ റസ്തോവിലേക്കെത്താൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിർദേശം നൽകി. ഡോണട്സ്കില് നിന്നുള്ള ആദ്യ ബസ് റഷ്യൻ അതിർത്തിയിലെത്തി.
അഭയാർഥികൾക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മരുന്നും ലഭ്യമാക്കും. നിലവിൽ എത്രപേരെ ഒഴിപ്പിച്ചുവെന്നതു സംബന്ധിച്ച് കണക്കുകൾ പുറത്തുവന്നിട്ടില്ല.
പ്രതിരോധത്തിന് സജ്ജമാകാൻ കിഴക്കൻ ഉക്രയ്ൻ
സ്ഥിതി രൂക്ഷമാകുന്നതിനാൽ സെെന്യത്തോട് സജ്ജരായിരിക്കാൻ ലുഹാൻസ്കും ഡോണട്സ്കും നിർദേശം നൽകി. അതിർത്തിയിൽ പ്രതിരോധത്തിന് പൂർണ സജ്ജരായിരിക്കാൻ ലുഹാൻസ്ക് ഭരണാധികാരി ലിയോനിഡ് പസ്ചെനിക്കിന്റെ ഉത്തരവിൽ പറയുന്നു. 18 മുതൽ 55 വയസ്സുവരെയുള്ളവരോട് രാജ്യം വിടരുതെന്നും നിർദേശിച്ചിട്ടുണ്ട്. ജനങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് നിർദേശിക്കുന്ന ഡോണട്സ്ക് ഭരണാധികാരി ഡെനിസ് പുഷിലിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു. യുദ്ധകാലാവസ്ഥയിൽ പ്രവർത്തിക്കുന്ന രീതിയിൽ സാമ്പത്തിക ഇടപെടലുകൾ ക്രമീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കാൻ അതിർത്തിയിൽ ഉക്രയ്ൻ ലഘുലേഖകൾ വിതരണം ചെയ്തുവെന്നും റിപ്പോര്ട്ടുണ്ട്.
“റഷ്യന് അധിനിവേശം ആസന്നമെന്ന്’
ഉക്രയ്ന്റെ ഷെൽ ആക്രമണത്തെ തുടർന്ന് കിഴക്കൻ ഉക്രയ്നിൽ സെെന്യത്തെ സജ്ജമാക്കാൻ നടപടി സ്വീകരിച്ചതോടെ വീണ്ടും റഷ്യക്കെതിരെ തിരിഞ്ഞ് പാശ്ചാത്യ രാജ്യങ്ങൾ. വ്യാജ പ്രതിസന്ധി സൃഷ്ടിച്ച് റഷ്യ അധിനിവേശത്തിന് ശ്രമിക്കുന്നുവെന്നാണ് വിമർശം. റഷ്യ ഉക്രയ്നെ ആക്രമിക്കുമെന്ന് ഉറച്ച ബോധ്യമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ പ്രതികരിച്ചു. റഷ്യൻ സെെന്യം ഉക്രയ്നടുത്തേക്ക് നീങ്ങുകയാണെന്ന് ബെെഡന്റെ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും പറഞ്ഞു. റഷ്യ അധിനിവേശത്തിന് ശ്രമിച്ചാൽ അതിന് കൂട്ടുനിൽക്കുന്ന രാജ്യങ്ങളിലുൾപ്പെടെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ വെെസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ജർമനിയിലെ മ്യൂണിക്കിൽ ചേർന്ന സുരക്ഷാ സമ്മേളനത്തിലായിരുന്നു പ്രതികരണം. റഷ്യൻ കമ്പനികൾക്ക് ലണ്ടനിൽ സമ്പത്തുണ്ടാക്കാന് അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.