ന്യൂഡൽഹി
പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഞായറാഴ്ച നടക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 117 മണ്ഡലത്തിൽ 1304 പേര് ജനവിധി തേടുന്നു. 2017ൽ അകാലിദൾ–- ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിൽ എത്തി. ഇക്കുറി, കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർസിങ് ബിജെപി ചേരിയിലാണ്. ആംആദ്മി പാർടിയും ശക്തമായ സാന്നിധ്യം. കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിൽ കർഷകരുടെ നിലപാട് നിർണായകമായതോടെ മത്സരം കടുത്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു–- അമൃത്സർ, ആംആദ്മി നേതാവ് ഭഗ്വത്മൻ–-ധുരി, മുഖ്യമന്ത്രി ചരൺജിത് ചന്നി–- ബാദോഡ്, ചാംകൗർസാഹിബ്, അകാലിദൾ നേതാവ് സുഖ്ബീർസിങ് ബാദൽ–- ജലാൽബാദ, അമരീന്ദർ സിങ്–-പട്യാല, പ്രകാശ്സിങ് ബാദൽ–-ലാംബി തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ.
യുപിയിൽ മൂന്നാംഘട്ടം
ഉത്തർപ്രദേശിൽ മൂന്നാംഘട്ടത്തിൽ 59 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. ഹാഥ്രസ്, ഫിറോസാബാദ്, ഇറ്റാഹ്, കാസ്ഗഞ്ജ്, മെയിൻപുരി, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഓറിയ, കാൺപുർ ദേഹാത്, കാൺപുർനഗർ, ജലുൻ, ത്സാൻസി, ലളിത്പുർ, ഹാമിർപുർ, മഹോബ ജില്ലകളിലെ 2.15 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 627 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
സമാജ്വാദി പാർടി നേതാവ് അഖിലേഷ്യാദവ് മത്സരിക്കുന്ന കർഹാലിലും ഞായറാഴ്ച വോട്ടെടുപ്പ് നടക്കും.
കേന്ദ്രമന്ത്രി എസ് പി സിങ് ബാഗേലാണ് ബിജെപി സ്ഥാനാർഥി.