ന്യൂഡൽഹി
ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) വഴി ഉഭയകക്ഷി ചരക്കുവ്യാപാരം അഞ്ചു വർഷത്തിനുള്ളിൽ 10,000 കോടി ഡോളറായി ഉയരും. ടെക്സ്റ്റൈൽ, ഫാർമ, തുകൽ, കാർഷികോൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, ഓട്ടോമൊബൈൽ, കായിക ഉപകരണങ്ങൾ എന്നീ മേഖലകളിൽ 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനും കരാർ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷേക്ക് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും തമ്മിൽ ഓൺലൈനിൽ നടന്ന ഉച്ചകോടിയിലാണ് കരാർ ഒപ്പിട്ടത്.
ഇത്തരം കരാറുകൾ പൂർത്തീകരിക്കാൻ സാധാരണ വർഷങ്ങൾ വേണ്ടിവരുമ്പോൾ മൂന്നുമാസം മാത്രമാണ് ഇതിന് എടുത്തതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇരുരാജ്യവും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎഇ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽമാരിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 80 ശതമാനത്തിനും നികുതി ഒഴിവാകുമെന്ന് യുഎഇ വാണിജ്യസഹമന്ത്രി താനി അൽ സിയൂദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. നടപ്പുസാമ്പത്തികവർഷം ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറാകും (4.5 ലക്ഷം കോടി രൂപ). ഇത് 7.5 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം.