ന്യൂഡൽഹി
അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ ബന്ധുക്കൾ. 2008ലെ സ്ഫോടന പരമ്പരക്കേസിൽ പ്രത്യേക കോടതി 38പേര്ക്ക്വധശിക്ഷയും 11 പേര്ക്ക് മരണംവരം തടവും വിധിച്ചിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ ബിജെപി വർഗീയ ധ്രുവീകരണം ശക്തമാക്കാൻ കോടതി വിധി ദുരുപയോഗപ്പെടുത്തുമെന്ന് ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കളിൽ ചിലർ മാധ്യമങ്ങളോടു പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടക്കവെ വിധി പുറപ്പെടുവിച്ചത് അസ്വാഭാവിക നടപടിയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോടതിവിധി പ്രചാരണായുധമാക്കിയെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഹമ്മദ് സെയ്ദിന്റെ പിതാവ് ഷദാബ് അഹമ്മദ് പിടിഐയോടു പറഞ്ഞു.
സമാജ്വാദി പാർടി പ്രവർത്തകനാനാണ് ഇദ്ദേഹം. സ്ഫോടന പരമ്പരക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളുടെ പിതാവ് സമാജ്വാദി പാർടിക്കുവേണ്ടി വോട്ട് തേടുന്നുവെന്ന് ആദിത്യനാഥ് തെരഞ്ഞെടുപ്പ് റാലിയില് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആരിഫിന്റെ ബന്ധുവും കോടതി വിധിക്കെതിരെ രംഗത്തെത്തി. വിധിയില് രാഷ്ട്രീയമുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതികരിച്ചു.