മംഗളൂരു
ഹിജാബ് നിരോധനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊലീസും നടപടി കടുപ്പിക്കുമ്പോഴും കര്ണാടകത്തില് പ്രതിഷേധം ശക്തമായി തുടരുന്നു. ദക്ഷിണ കന്നഡയിൽ സ്കൂൾ, കോളേജ് പരിസരത്ത് നിരോധനാജ്ഞ 26വരെ നീട്ടി. ശിവമോഗ ഷിരലകൊപ്പ പ്രീയൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ 58 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. യെദഗീർ, ബെല്ലാരി, ബെലഗാവി, ചിത്രദുർഗ എന്നിവിടങ്ങളിലെല്ലാം ശനിയാഴ്ചയും വിദ്യാർഥികളെ തടഞ്ഞത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചു. ബെലഗവി വിജ് പാര മെഡിക്കൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ധാവൺഗരെ ഹരിഹര എസ്ജെവിപി കോളേജിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. കുടകിലും വിദ്യാർഥിപ്രതിഷേധം ശക്തം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയെന്നാരോപിച്ച് തുംകൂറിൽ എംപ്രസ് കോളേജിലെ 15 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
ഹിജാബ് വിലക്കില് ഹൈക്കോടതിയിൽ വാദം നീണ്ടുപോകുന്നതിനിടെയാണ് സംസ്ഥാനത്ത് സ്ഥിതി പ്രക്ഷുബ്ദമായി തുടരുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിക്കാതെ ഹിജാബ് ധരിച്ചെത്തി പ്രതിഷേധിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി അറഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.