ന്യൂഡൽഹി
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ)മുൻ എംഡിയും സിഇഒയുമായ ചിത്രാരാമകൃഷ്ണനെ സിബിഐ ചോദ്യം ചെയ്തു. ഹിമാലയത്തിലെ യോഗിക്ക് എൻഎസ്ഇയുടെ നിർണായകവിവരം ചോർത്തിക്കൊടുത്തതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ കേസെടുത്തിരുന്നു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. രാജ്യം വിടരുതെന്ന് ചിത്രയ്ക്ക് നോട്ടീസ് നൽകി. ആദായനികുതി വകുപ്പ് വ്യാഴാഴ്ച ചിത്രയുടെ മുംബൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.
എൻഎസ്ഇ മേധാവിയായിരുന്ന 2013 മുതൽ 2016 കാലത്ത് ചിത്ര നിർണായകവിവരം യോഗിക്ക് കൈമാറിയിരുന്നു. ചിത്രയെ ഉപയോഗിച്ച് യോഗിയാണ് എൻഎസ്ഇയും ഓഹരിവിപണിയും നിയന്ത്രിച്ചിരുന്നത്. ഗുരുതര വീഴ്ച ചൂണ്ടിക്കാണിച്ച് സെബി മൂന്ന് കോടി പിഴയും ചുമത്തിയിരുന്നു.