ബംഗളൂരു
ഹിജാബ് ധരിക്കുന്നത് മുസ്ലിം വിഭാഗത്തില് നിർബന്ധമായും പാലിക്കേണ്ട മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹെെക്കോടതിയിൽ. അതിനാൽ ഹിജാബ് വിലക്കിയത് ഭരണഘടനയിൽ പറയുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാകില്ലെന്നും അഡ്വക്കേറ്റ് ജനറല് പ്രഭുലിംഗ് നവദ്ഗി കോടതിയിൽ പറഞ്ഞു.
സമത്വവും അഖണ്ഡതയും പൊതുക്രമവും ലംഘിക്കുന്ന വസ്ത്രങ്ങൾ നിരോധിച്ച കർണാടക സർക്കാരിന്റെ ഉത്തരവിൽ നിയമവിരുദ്ധമായി ഒന്നുമില്ല. കോളേജുകൾക്ക് ഹിജാബ് ധരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും എജി പറഞ്ഞു.കേസിൽ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഹിജാബ് വിലക്ക്: അധ്യാപിക രാജിവച്ചു
ഹിജാബ് വിലക്കിയതിൽ പ്രതിഷേധിച്ച് കർണാടകത്തിൽ അധ്യാപിക രാജിവച്ചു. ഇനിയും തുടരുന്നത് ആത്മാഭിമാനത്തിനെതിരാണെന്ന് പറഞ്ഞാണ് ജെയിൻ പിയു കോളേജിലെ ചാന്ദിനി രാജി നൽകിയത്. ഇത്രയും നാൾ ഹിജാബ് ധരിച്ചാണ് ക്ലാസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ വിളിച്ച് അതനുവദിക്കില്ലെന്ന് അവര് പറഞ്ഞു. ഹിജാബ് ഇല്ലാതെ ജോലിയിൽ തുടരാൻ കഴിയില്ലെന്ന് ചാന്ദിനി പറയുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചിരുന്നു.