മോസ്കോ
റഷ്യയോട് അനുകൂല നിലപാടുള്ള കിഴക്കന് ഉക്രയ്നില് നിന്നും റഷ്യയിലേക്ക് കൂട്ടപലായനത്തിന് വഴിയൊരുങ്ങുന്നു. റഷ്യന് അനുകൂല മേഖലയില് സൈനികനീക്കത്തിന് ഉക്രയ്ന് നീക്കം നടക്കുന്നതിനാല് ഡോണ്ബാസ്, ലുഹാന്സ്ക് നിവാസികള് പരിഭ്രാന്തിയിലാണ്.ഇരുമേഖലയിലും റഷ്യയിലേക്ക് പോകാന് സന്നദ്ധത അറിയിച്ച് ആയിരങ്ങള് തടിച്ചുകൂടിയിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും ആദ്യം റഷ്യന് മേഖലയില് എത്തിക്കാനാണ് ശ്രമം.
കിഴക്കന് ഉക്രയ്നില് സ്ഥിതി വഷളായെന്ന് റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന് പ്രതികരിച്ചു. റഷ്യന് അനുകൂല മേഖലയിലെ നേതാക്കളുമായി അനുരഞ്ജനത്തിന് തയ്യാറാകണമെന്ന് പുടിന് ഉക്രയ്നോട് അഭ്യര്ത്ഥിച്ചു. ഉക്രയ്നില് ഡോണ്ബാസ്, ലുഹാന്സ്ക് മേഖലകള് 2014 മുതല് റഷ്യയോട് ആഭിമുഖ്യം പ്ര ഖ്യാപിച്ച് നിലകൊള്ളുകയാണ്. ഈ മേഖലയില് നാട്ടുകാര് കൈയ്യില് കിട്ടിയതെല്ലാം എടുത്ത് പലായനത്തിന് ഒരുങ്ങുകയാണെന്നാണ് റഷ്യയില് നിന്നുള്ള റിപ്പോര്ട്ട്.
സൈനികാഭ്യാസം
പാശ്ചാത്യശക്തികള് യുദ്ധഭീതി വിതയ്ക്കവെ അതിർത്തിയിൽ സെെനികാഭ്യാസത്തിന് റഷ്യ. ശനിയാഴ്ച നടക്കുന്ന സൈനികാഭ്യാസത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മേൽനോട്ടം വഹിക്കും. അതിര്ത്തിയില് നിന്നും സൈന്യത്തെ പിന്വലിച്ചുകൊണ്ടിരിക്കെയാണ് മൂൻകൂട്ടി തീരുമാനിച്ച അഭ്യാസപ്രകടനം റഷ്യ നടത്തുന്നത്.
അതേസമയം, റഷ്യ ആവശ്യപ്പെട്ട സുരക്ഷാ ഉറപ്പിൽ ചർച്ചയാകാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചതായി റഷ്യൻ വിദേശമന്ത്രി സെർജി ലവ്റോവ് പറഞ്ഞു. മ്യൂണിക്കിൽ ആരംഭിച്ച സുരക്ഷാ സമ്മേളനത്തിൽ റഷ്യ പങ്കെടുക്കില്ലെന്ന് ക്രംലിൻ അറിയിച്ചു. 1999ന് ശേഷം ആദ്യമായാണ് റഷ്യ സമ്മേളനത്തിന്റെ ഭാഗമാകാതിരിക്കുന്നത്. ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി മ്യൂണിക്കിൽ എത്തി.
എയർ ഇന്ത്യ വിമാനം
അയക്കും
ഉക്രയ്നിലേക്ക് എയർ ഇന്ത്യയുടെ മൂന്ന് വന്ദേഭാരത് വിമാനം അയക്കും. ബോറിസ്പിൽ വിമാനത്താവളത്തിൽനിന്ന് 22, 24, 26 തീയതികളിലാണ് വിമാനം സർവീസ് നടത്തുക. ഉക്രയ്ൻ വിമാനങ്ങളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം വ്യോമയാന മന്ത്രാലയം നീക്കിയതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരോട് താൽക്കാലികമായി രാജ്യത്തേക്ക് മടങ്ങാൻ ഇന്ത്യ അറിയിച്ചത്.