പാലക്കാട്
തമിഴ്നാട്ടിൽ ശനിയാഴ്ച നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വം നൽകുന്ന മതനിരപേക്ഷ മുന്നണിയിൽ സിപിഐ എം 600ലധികം വാർഡിൽ മത്സരിക്കുന്നു. രണ്ടിടത്ത് സിപിഐ എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തിരുപ്പൂർ ജില്ലയിലെ ചിന്നക്കമ്പാളയം നഗര റൂറൽ പഞ്ചായത്തിൽ മകുടേശ്വരിയും തിരുനെൽവേലി നാങ്കുനേരി റൂറൽ പഞ്ചായത്തിൽ പി എം മുരുകനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്താകെ 218 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മതനിരപേക്ഷ മുന്നണിയും എഐഎഡിഎംകെയുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ബിജെപി, പിഎംകെ തുടങ്ങിയ പാർടികൾ തനിച്ചാണ് മത്സരിക്കുന്നത്. മതേതരമുന്നണിക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കനിമൊഴി എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം ജി രാമകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ തുടങ്ങിയവർ പ്രചാരണത്തിനിറങ്ങി.