തിരുവനന്തപുരം
ലോക മാതൃഭാഷാ ദിനമായ 21ന് എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാർഥികൾ ഭാഷാപ്രതിജ്ഞയെടുക്കും. കോവിഡ് ആരംഭിച്ചശേഷം വിദ്യാർഥികൾ സ്കൂളുകളിൽ ഒരുമിച്ചെത്തുന്ന ദിവസംകൂടിയാണിത്. പകൽ 11ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് പ്രതിജ്ഞ. മലയാളം പണ്ഡിതർ, എഴുത്തുകാർ, സാംസ്കാരിക നായകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്കൂളുകളിലെ ചടങ്ങിൽ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹൈസ്കൂളിലാകും പങ്കെടുക്കുക.
ഭാഷാപ്രതിജ്ഞ
‘മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്.’