ഗാന്ധിനഗർ> 2008ലെ അഹമ്മദാബാദ് സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പ്രതികൾക്ക് വധശിക്ഷയും 11പേർക്ക് മരണം വരെ ജീവപര്യന്തം തടവും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. ആദ്യമായാണ് ഒരു കേസിൽ ഇത്രയും പേർക്ക് വധശിക്ഷ വിധിക്കുന്നത്.
കൊലപാതകം, ക്രിമിനല് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്ക്ക് പുറമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്ക്കെതിരേ ചുമത്തിയിരുന്നു. സ്ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രത്യേക ജഡ്ജി എആർ പട്ടേൽ വിധി പ്രസ്താവിച്ചു.ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപയും നൽകണം .
2008 ജൂലൈ 26ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 21 സ്ഫോടനമാണ് അന്ന് ഉണ്ടായത്.70 മിനിറ്റുകൾക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില് 2021 സെപ്റ്റംബറില് വിചാരണ പൂര്ത്തിയാക്കി. 28 പേരെ വെറുതിവെട്ട കോടതി 49 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തി.
സ്ഫോടനത്തിന് പിന്നില് തീവ്രവാദ സംഘടനയായ ഇന്ത്യന് മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്ഫോടനങ്ങള് ആസൂത്രണം ചെയ്തത് . വിചാരണക്കിടെ പ്രതികൾ ജയിലിൽനിന്ന് തുരങ്കമുണ്ടാക്കി രക്ഷപെടാനും ശ്രമിച്ചിരുന്നു.