തിരുവനന്തപുരം> നയപ്രഖ്യാപന പ്രസംഗത്തില് കേന്ദ്രബജറ്റിനെതിരെ വിമര്ശനവുമായി ഗവര്ണര് ആരിഫ് മൊഹമ്മദ് ഖാന്. സംസ്ഥാനത്തിന്റെ ദീര്ഘകാല ആവശ്യങ്ങള് ഒന്നും തന്നെ കേന്ദ്ര ബജറ്റില് അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് മൂലമുണ്ടായ വരുമാന നഷ്ടത്തിന് പുറമെ കേന്ദ്രം നല്കുന്ന വിഹിതത്തിലെ ഗണ്യമായ കുറവ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു. തുടര്ന്നുവരുന്ന കേന്ദ്ര ധനകാര്യ കമ്മീഷനുകള് കേന്ദ്ര നികുതി വിഹിതത്തില് നിന്നും സംസ്ഥാനത്തിന് നല്കുന്ന വിഹിതത്തില് സ്ഥിരമായ കുറവ് വരുത്തുന്നു.
10-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് സംസ്ഥാനത്തിന്റെ വിഹിതം സംസ്ഥാനങ്ങള്ക്ക് വിഭജനം ചെയ്യുന്ന കേന്ദ്ര നികുതി വിഹിതത്തിന്റെ 3.8 ശതമാനമായിരുന്നു. 14 ധനകമ്മീഷന്റെ സമയത്ത് ഇത് 2.5 ശതമാനത്തിലേക്ക് താഴുകയും 15-ാം ധനകാര്യ കമ്മീഷനില് ഇത് 1.92 ശതമാനം മാത്രവുമാക്കി.
കേന്ദ്ര നയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ജിഎസ്ടി വകയില് സംസ്ഥാനത്തിന് ലഭിക്കേണ്ടി 6500 കോടി രൂപ കേന്ദ്രം നല്കിയിട്ടില്ലെന്നും ഗവര്ണര് പറഞ്ഞു. ഈ വര്ഷം ജൂണിന് ശേഷം ജിഎസ്ടി നഷ്ടപരിഹാം നിലവിലില്ലാതാകുന്ന സാഹചര്യത്തില് ഏകദേശം 10000, 12000 കോടി രൂപ വരെ അധികമായി നഷ്ടമാകുമെന്നും ഗവര്ണര് പറഞ്ഞു.
സഹകരണ മേഖലയിലെ കേന്ദ്ര ഇടപ്പെടലിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.കൺകറൻറ് ലിസ്റ്റിലെ വിഷയങ്ങളിൽ ഏകപക്ഷീയ നിയമനിർമ്മാണം കേന്ദ്രം നടത്തുന്നുവെന്നും ഇത് ഫെഡറലിസത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവർണർ പറഞ്ഞു.