ന്യൂഡൽഹി
കോൺഗ്രസിൽനിന്ന് രാജി തുടരുന്ന പഞ്ചാബിൽ മുതിർന്ന നേതാവ് മനീഷ് തിവാരിയും അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത്. കോൺഗ്രസിൽ താൻ അവഗണന നേരിടുകയാണ്. താൻ കുടിയാനല്ല,
40 വർഷമായി കോൺഗ്രസിന്റെ ഭാഗമാണ്. സ്വയം വിട്ടുപോകില്ല. ആരെങ്കിലും പുറത്താക്കാൻ ശ്രമിച്ചാൽ വേറെ കാര്യമാണെന്നും തിവാരി വാർത്താ ഏജൻസിയോട് പറഞ്ഞു. പഞ്ചാബിൽനിന്നുള്ള എംപിയായ തിവാരിയെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.
അമൃത്സർ മേയർ കരംജിത്സിങ് റിന്റു കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നതിനു പിന്നാലെ മൂന്ന് കൗൺസിലർമാരും എഎപിയിലെത്തി. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇവരെ സ്വീകരിച്ചു. മുൻകേന്ദ്രമന്ത്രി അശ്വനികുമാർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. വനിതാ കമീഷൻ അധ്യക്ഷ മനീഷ ഗുലാത്തിയും ബിജെപിയിൽ ചേർന്നിരുന്നു.















