ന്യൂഡൽഹി
മധ്യപ്രദേശിൽ ബിജെപി സർക്കാരിന്റെ വിവാഹധനസഹായ പദ്ധതിയിൽ 30.40 കോടി രൂപയുടെ തട്ടിപ്പ്. കേസിൽ മന്ത്രി ഗോപാൽ ഭാർഗവയുടെ ഭാര്യാസഹോദരനും സിരോഞ്ച് ജൻപദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശോഭിത് ത്രിപാഠി അടക്കമുള്ളവർ അറസ്റ്റിലായി. 93 പഞ്ചായത്തും 20 ബാങ്കും തട്ടിപ്പിൽ പങ്കാളിയാണ്. നിർധന പെൺകുട്ടികൾക്ക് വിവാഹത്തിന് 51,000 രൂപവീതം നൽകുന്ന മുഖ്യമന്ത്രി കന്യാവിവാഹ് യോജനയിലാണ് വ്യാപകക്രമക്കേട് കണ്ടെത്തിയത്.
കോവിഡ്കാലത്ത് 5,923 വ്യാജ അപേക്ഷയുണ്ടാക്കി പണം വെട്ടിക്കുകയായിരുന്നു. രേഖകളിലെ ഗുണഭോക്താക്കൾ യഥാർഥത്തിൽ അപേക്ഷിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. വിവാഹിതരായവരുടെ പേരിലും പണം തട്ടി. അർഹർക്ക് സഹായം ലഭിച്ചതുമില്ല. കോവിഡിൽ വിവാഹത്തിന് പൊതുചടങ്ങ് നിരോധിച്ചത് തട്ടിപ്പിനു മറയാക്കി. 2019 മുതലുള്ള തട്ടിപ്പ് പുറത്തുവന്നിട്ടുണ്ട്. ബിജെപിയിലെ ഉൾപ്പോരാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്. ക്രമക്കേടിനെതിരെ ബിജെപി എംഎൽഎ ഉമാകാന്ത് ശർമയാണ് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
മന്ത്രി ഗോപാൽ ഭാർഗവയുടെ മകൻ അഭിഷേക് ഭാർഗവയ്ക്കെതിരെ 80കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ ഇഡിയും അന്വേഷണം ആരം*ഭിച്ചു.















