തിരുവനന്തപുരം
കെഎസ്ആർടിസി ഉൾപ്പെടെ ബൾക്ക് പർച്ചേസ് വിഭാഗത്തിനുള്ള ഡീസൽ വില എണ്ണ കമ്പനികൾ കുത്തനെ കൂട്ടി. ലിറ്ററിന് 6.73 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഡീസൽ ഉപയോഗിക്കുന്നവർക്കുള്ള വിലയാണ് കൂട്ടിയത്. വൈദ്യുതി നിലയങ്ങൾ, വ്യവസായശാലകൾ എന്നിവർക്കും വിലവർധന തിരിച്ചടിയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ധനവിലപൊതുവായിവർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നരേന്ദ്രമോദി സർക്കാരിന്റെ ഈ വളഞ്ഞ വഴിയുള്ള കൊള്ള.
പുതിയ വിലപ്രകാരം ഒരു ലിറ്റർ ഡീസലിന് 98.15 രൂപ കെഎസ്ആർടിസി ഉൾപ്പെടെയുള്ളവർ നൽകണം. സ്വകാര്യ പമ്പുകളിൽ ഡീസൽ ലിറ്ററിന് 91.42 രൂപയ്ക്ക് ലഭിക്കുമെന്നിരിക്കെയാണ് ഈ കൊള്ള.
സാധാരണ ബൾക്ക് പർച്ചേസ് വിഭാഗത്തിന് റീട്ടെയിൽ വിലയേക്കാൾ കുറഞ്ഞ നിരക്കാണ് വാങ്ങാറ്. 15 ദിവസം കൂടുമ്പോൾ ഇത് പുതുക്കും. ബുധനാഴ്ച തുക പുതുക്കുന്നതിന്റെ മറവിൽ വില കുത്തനെ കൂട്ടുകയായിരുന്നു. കെഎസ്ആർടിസിക്ക് ദിവസം ശരാശരി 2.7 ലക്ഷം ലിറ്റർ ഡീസലാണ് വേണ്ടത്. ഇതുപ്രകാരം 18.37 ലക്ഷം രൂപ പ്രതിദിനം അധികബാധ്യത വരും. മാസം 5.51 കോടി രൂപ.
കോവിഡിനുശേഷം യാത്രക്കാർ കുറഞ്ഞതോടെ രാജ്യത്തെ പൊതുമേഖലാ ട്രാൻസ്പോർട്ടുകൾ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെ ഇത്തരം സ്ഥാപനങ്ങൾക്കുള്ള ഇന്ധനവില കേന്ദ്രം കുത്തനെ കൂട്ടിയതോടെ ഇവ കടുത്ത തകർച്ചയിലേക്കും നീങ്ങും. ഇത് വൈദ്യുതി, വ്യവസായ ഉൽപ്പന്നങ്ങളുടെ വിലവർധനയ്ക്കും കാരണമാകും.















