റിയാദ്> എഡി 1727 ന്റെ തുടക്കത്തില് ഇമാം മുഹമ്മദ് ബിന് സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്മ പുതുക്കാനൊരുങ്ങി സൗദി അറേബ്യ. സെപ്റ്റംബര് 23 ലെ ദേശീയ ദിനാചാരണത്തിനു പുറമെയാണ് ഫെബ്രുവരി 22 സ്ഥാപക ദിനമായി രാജ്യം ആഘോഷിക്കാന് ഒരുങ്ങുന്നത്. സര്ക്കാര് സ്ഥാപങ്ങള്ക്കും സ്വകാര്യ സ്ഥാപനങ്ങള്ക്കും പ്രസ്തുത ദിവസം അവധിയായിരിക്കും.
വെള്ളിയാഴ്ച ജുമുഅ പ്രസംഗങ്ങളില് സൗദിയുടെ ഭരണവും രാജ്യത്തിന്റെ ഐക്യവും ശൈഖ് മുഹമ്മദ് ബിന് അബ്ദുല്വഹ്ഹാബിന്റെ ഇസ്ലാമിക പ്രബോധന ചരിത്രവും ജനങ്ങളെ ഉല്ബോധിപ്പിക്കാന് സൗദി മതകാകര്യ വകുപ്പ് ഡോക്ടര് ശൈഖ് അബ്ദുല് ലത്തീഫ് ബിന് അബ്ദുല് അസീസ് ആലുശൈഖ് എല്ലാ ഇമാമുമാര്ക്കും നിര്ദ്ദേശം നല്കിയിട്ടുണ്ട്.
സൗദിയുടെ ചരിത്രത്തില് ആദ്യമായി സ്ഥാപക ദിനം ആഘോഷിക്കുന്ന ദിവസത്തില് തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലും രാജ്യ ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന വിവിധ പരിപാടികള് നടക്കും. 3500 കലാകാരന്മാരുടെ പങ്കാളിത്തത്തോടെ 10 രംഗങ്ങളിലൂടെ മൂന്ന് നൂറ്റാണ്ടുകള്ക്ക് മുമ്പുള്ള കഥ പറയുന്ന വാദി നമാറിലെ ‘ദി ബിഗിനിംഗ്സ് മാര്ച്ച്’ ഉള്പ്പെടെ നിരവധി പരിപാടികള് തലസ്ഥാനമായ റിയാദില് നടക്കും.