റിയാദ്> അതോറിറ്റികള് അറിയിച്ചിട്ടുള്ള കോവിഡ് മുന്കരുതലുകളിലും പ്രതിരോധ നടപടികളിലും ലംഘനം നടത്തുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്ക്കുള്ള വ്യത്യസ്ത ശിക്ഷാ നടപടികള് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. തവക്കല്നാ ആപ്പിലൂടെ വ്യക്തികളുടെ ആരോഗ്യ നില പരിശോധക്കാത്തതും നിയമലംഘനത്തില് ഉള്പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മുഖവും വായും മറക്കുന്ന വിധം ശരിയായ വിധത്തില് മാസ്ക് ധരിക്കാത്തവരെ സ്ഥാപനത്തിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുക എന്നതും നിര്ദ്ദിഷ്ട സ്ഥലത്ത് സാനിറ്റയ്സര് വെക്കാതിരിക്കുക, ട്രോളിയും മറ്റും ഉപയോഗം കഴിഞ്ഞാല് അണുവിമുക്തമാക്കാതിരിക്കുക, ഷെല്ഫുകളും ഉപരിതലങ്ങളും ശുദ്ധിയാക്കാതിരിക്കുക തുടങ്ങിയവയും നിയമ ലംഘനത്തില് ഉള്പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയില് ഒന്നും മുതല് അഞ്ചുവരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള് കോവിഡ് മുന്കരുതലുകളിലും പ്രതിരോധ നടപടികളിലും ലംഘനം നടത്തിയതായി കണ്ടെത്തിയാല് ‘ 10,000 റിയാല് വരെയാണ് പിഴ ചുമത്തുക.
‘6 മുതല് -49′ വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപങ്ങള്ക്ക് ഇരുപതിനായിരം റിയാലാണ് ആണ് പിഴ. ശരാശരി 50-മുതല് 249’ വരെ ജീവനക്കാരുള്ള സ്ഥാപങ്ങള്ക്ക് അമ്പതിനായിരം റിയാലാണ് പിഴ. 250-ഉം അതില് കൂടുതലും ജീവനക്കാരുള്ള വന്കിട സ്ഥാപനങ്ങള്ക്ക് 1,00,000 റിയാല് (ഒരു ലക്ഷം) റിയാല് വരെ പിഴ ഉണ്ടാകും എന്നും മന്ത്രാലയം വ്യക്തമാക്കി. ലംഘനങ്ങള് ആവര്ത്തിച്ചാല് മുന് തവണ ചുമത്തിയ പിഴ ഇരട്ടിയാകും. കൂടാതെ രണ്ടു ലക്ഷം റിയാല് വരെ പിഴയും ആവശ്യമെങ്കില് ആറു മാസത്തില് കൂടാതെയുള്ള അടച്ചുപൂട്ടലും ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്ന ആള്ക്കും സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ചു പിഴയുണ്ടാകും. ലംഘനങ്ങള് ആവര്ത്തിച്ചാല് ഒരു ലക്ഷം റിയാല് വരെ പിഴ ചുമത്തുന്നതാണ്. തുടര്ന്നും ലംഘനങ്ങള് ഉണ്ടായാല് പബ്ലിക് പ്രോസിക്കൂട്ടര്ക്കു നിയമവിധേയമായി സ്ഥാപന അധികാരിക്ക് ജയില് ശിക്ഷ നല്കാനും നിയമമുണ്ട്. എന്നാല് ഹോട്ടലുകള്ക്കും കോഫി ഷോപ്പുകള്ക്കും അടച്ചുപൂട്ടുന്ന കാലയളവില് മാറ്റമുണ്ട്. ഭക്ഷണ ശാലകളും കോഫി ഷോപ്പുകളും നിയമ ലംഘനം നടത്തുന്നത് ആദ്യ തവണയാണെങ്കില് 24 മണിക്കൂറും രണ്ടാം തവണ നിയമ ലംഘനം നടത്തിയാല് 48 മണിക്കൂറും മൂന്നാം തവണ നിയമ ലംഘനം നടത്തിയാല് ഒരാഴ്ചയും നാലാം തവണ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയാല് രണ്ടാഴ്ച്ചയും അഞ്ചാം തവണയും അതില് കൂടുതലും നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയാല് ഒരു മാസവും സ്ഥാപനം അടച്ചു പൂട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കാര്യക്ഷമവും ശക്തവുമായ പരിശോധനകളും കൃത്യമായ മുന്കരുതലുകളും പ്രതിരോധ പ്രവര്ത്തനവുമാണ് കോവിഡ് വ്യാപനം തടയുന്നതിന് ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളും സ്വീകരിക്കുന്നത്. കോവിഡ് പ്രതിരോധ നടപടികള് തുടര്ന്നും പാലിക്കേണ്ടതിന്റെ ആവശ്യകതയും ബന്ധപ്പെട്ട അധികാരികള് നല്കുന്ന നിര്ദ്ദേശങ്ങള് പാലിക്കേണ്ടതിന്റെ ആവശ്യകതയും സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ആവര്ത്തിച്ച് അറിയിക്കുന്നുണ്ട്