കൊച്ചി> പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ വളര്ത്തുനായയെ അഴിച്ചുവിട്ട കേസിലെ പ്രധാനപ്രതി പിടിയില്. തമ്മനം എ കെ ജി കോളനിയില് പുളിക്കല് വീട്ടില് വിശാലിനെയാണ് (23) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധന് രാത്രിയാണ് ഇയാളെ ആലപ്പുഴയില്നിന്ന് പിടികൂടിയത്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
അടിപിടി, സ്ത്രീത്വത്തെ അപമാനിക്കല് തുടങ്ങിയ കേസിലെ പ്രതിയായ വിശാലിനെ കസ്റ്റഡിയില് എടുക്കാനാണ് പാലാരിവട്ടം എസ്ഐ ടി എസ് രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വീട്ടില് എത്തിയത്. പൊലീസിനെ കണ്ടതോടെ വിശാല് നായയെ അഴിച്ചുവിടാന് നിര്ദേശം നല്കി. സുഹൃത്ത് അജീഷ് നായയെ അഴിച്ചുവിട്ടു. ഇതിനിടെ വിശാല് മതില് ചാടി ഓടി. ഇയാളുടെ പിറകെ ഓടാന് ശ്രമിച്ച പൊലീസ് സംഘത്തെ സുഹൃത്തുക്കള് ചേര്ന്ന് തടഞ്ഞു. വിവരമറിഞ്ഞ് കൂടുതല് പൊലീസ് എത്തി സുഹൃത്തുക്കളായ നാലുപേരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പൊലീസിന്റെ കൃത്യനിര്വഹണം തടസ്സപ്പെടുത്തിയ അരൂര് സ്വദേശി അജീഷ് (37), എ കെ ജി കോളനി സ്വദേശികളായ വൈശാഖ് (21), മനീഷ് (29), യേശുദാസ് ലിജോ (21) എന്നിവര് റിമാന്ഡിലാണ്. വീടിന്റെ മുകള്നിലയില് മൂന്നും താഴത്തെ നിലയില് രണ്ടും നായകളെയാണ് വിശാല് വളര്ത്തിയിരുന്നത്. റോട്ട് വീലര്, ജര്മന് ഷെപ്പേര്ഡ് ഉള്പ്പെടെയുള്ള ഇനങ്ങളെയാണ് വളര്ത്തിയിരുന്നതെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.