റിയാദ്> സൗദിയിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പ്രഖ്യാപിച്ച തൊഴിൽ നിയമം ലംഘിക്കുന്നവർക്കുള്ള പദവി ശരിയാക്കൽ കാലയളവ് അവസാനിച്ചു. തുടർന്നും ബിനാമി ഇടപാടിലേർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. കൂടാതെ നിയമവിരുദ്ധമായ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടുകയും വിദേശികളെ നാടുകടത്തും ചെയ്യും എന്നും ആഭ്യന്തര മന്ത്രാലയം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
ബിനാമി ഇടപാടുകാർക്ക് പദവികൾ നിയമാനുസൃതമാക്കാനുള്ള കാലാവധി 2021 ഫെബ്രുവരി 28- മുതൽ ആറു മാസത്തേക്കായിരുന്നു, തുടർന്ന് 6 മാസത്തേക്ക് കൂടി നീട്ടി. ആ കാലാവധി ഇന്നത്തോടെ ഒരു വർഷം പൂർത്തിയായി. ബിനാമി ബിസിനസ്സ് പദവി ശെരിയാക്കാനുള്ള അവധി ഇനി നീട്ടി നൽകില്ല.
കാലാവധി അവസാനിച്ചതിനാൽ വ്യത്യസ്ത ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച് പരിശോധനയുണ്ടായിരിക്കും. ഡാറ്റ വിശകലനം ചെയ്യുന്നതിലും നിയമലംഘകരെ പിടികൂടുന്നതിലും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുന്ന നൂതന രീതികൾ അവലംബിക്കുമെന്നും ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതർ പറഞ്ഞു.
ബിനാമി നിയമം ലംഘിക്കുന്ന എല്ലാവരോടും അവരുടെ പദവികൾ ശരിയാക്കാനും തിരുത്തൽ കാലയളവിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും നിയമപരമായ പിഴകൾ ഒഴിവാക്കാനും ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതരും ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളും അഭ്യർത്ഥിച്ചിരുന്നു. ബിനാമി ഇടപാടുകൾ മൂലം വിദേശ തൊഴിലാളികൾ അവർ വന്ന തൊഴിലുകൾ പരിഗണിക്കാതെ പല വാണിജ്യ പ്രവർത്തനങ്ങളിലും കടന്നു കയറുകയും അവരെ കൊണ്ടുവന്ന സ്പോൺസർ പോലും അറിയാത്ത നിലയിൽ ജോലി ചെയ്യുകയും നിയമവിരുദ്ധമായ വഴികളിൽ വൻതോതിൽ പണം സമ്പാദിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.